എറണാകുളം: ഏലൂരിലെ ജ്വല്ലറിയിൽ വൻ കവർച്ച. ജ്വല്ലറിയുടെ ലോക്കർ തകർത്ത് മൂന്നു കിലോയോളം സ്വർണവും 25 കിലോ വെള്ളിയും കവർന്നു. ഏലൂരിലെ ഐശ്വര്യ ജ്വല്ലറിയിലാണ് മോഷണം നടന്നത്. കടയിലെ സിസിടിവി പ്രവർത്തിച്ചിരുന്നില്ലെന്ന് ജ്വല്ലറി ഉടമ വിജയകുമാർ പറഞ്ഞു.
ജ്വല്ലറിയോട് ചേർന്ന് പ്രവർത്തിക്കുന്ന വിജയകുമാറിന്റെ ഉടമസ്ഥതയിലുള്ള ബാർബർ ഷോപ്പിന്റെ ചുമർ തുരന്നാണ് മോഷ്ടാക്കൾ അകത്തു കടന്നത്. ഗ്യാസ് കട്ടർ ഉപയോഗിച്ചാണ് ലോക്കർ തകർത്തിരിക്കുന്നത്. ജ്വല്ലറി ഉടമ തിങ്കളാഴ്ച രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് മോഷണ വിവരമറിയുന്നത്. ഒന്നരക്കോടിയലധികം രൂപയുടെ സ്വർണമാണ് നഷ്ടപ്പെട്ടതെന്നാണ് പ്രാഥമിക വിവരം. വിരലടയാള വിദഗ്ദർ ഉൾപ്പടെയുള്ളവർ എത്തി കവർച്ചാ സംഘത്തിനായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്