കേരളത്തെ വട്ടം കറക്കുന്നൂ ... മസാല ബോണ്ട്‌...മസാല ബോണ്ട്..




കേരളത്തെ വട്ടം കറക്കുകയാണ് ... മസാല ബോണ്ട്‌...മസാല ബോണ്ട്.. എന്ന് കേൾക്കുമ്പോൾ.

എന്താണ് ഹേ ഈ മസാല ബോണ്ട്?

മസാല ബോണ്ട് എന്ന വാക്ക് ഇപ്പോൾ കേരളത്തിലെ ഭരണപക്ഷവും പ്രതിപക്ഷവും മാധ്യമങ്ങളും എടുത്ത് പ്രയോഗിക്കാൻ തുടങ്ങിയിട്ട് കുറച്ച്  ദിവസമായി.

പക്ഷേ, പാവം ജനങ്ങൾക്ക് ഒരെത്തും പിടിയും കിട്ടുന്നില്ലെന്നതാണ് വാസ്തവം.
സത്യത്തിൽ എന്താ ഈ മസാല ബോണ്ട്?

നിക്ഷേപം ആകര്‍ഷിക്കാന്‍ ഇന്ത്യന്‍ രൂപയില്‍ വിദേശത്ത് ഇറക്കുന്ന കടപ്പത്രമാണ് മസാല ബോണ്ട്. ലോകബാങ്കിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ ഫിനാന്‍സ് കോര്‍പ്പറേഷനാണ് (ഐ.എഫ്.സി.) ഇന്ത്യന്‍ രൂപയിലുള്ള ബോണ്ടുകള്‍ക്ക് ഈ പേര് നല്‍കിയത്. ആദ്യമായി മസാല ബോണ്ടുകള്‍ ഇറക്കിയതും ഐ.എഫ്.സിയാണ്. അടിസ്ഥാന സൗകര്യ വികസനത്തിനായി 1000 കോടി രൂപയാണ് അന്ന് സമാഹരിച്ചത്.

പേരു സൂചിപ്പിക്കുന്നതു പോലെ ഇന്ത്യയിലെ രുചി വൈവിധ്യം കൂടി അന്താരാഷ്ട്ര വിപണിയില്‍ ഇടം പിടിക്കുമെന്നു കരുതിയാണ് ഐ.എഫ്.സി മസാല ബോണ്ട് എന്ന പേര് നൽകിയത്.

 ഇന്ത്യന്‍ രൂപയുടെ മൂല്യത്തിനനുസരിച്ചുള്ള വിനിമയമാണ് മസാല ബോണ്ടില്‍ നടക്കുന്നത്.
 അതായയത് രൂപയുടെ മൂല്യത്തിലുണ്ടാകുന്ന ഉയര്‍ച്ച താഴ്ചകള്‍ക്കനുസരിച്ചാണ് വിനിമയം നടക്കുന്നതെന്ന്  രത്നചുരുക്കം.

അന്താരാഷ്ട്ര വിപണിയിലെ ഡോളറുമായുള്ള ഏറ്റക്കുറച്ചിലുകള്‍ ഈ ബോണ്ടുകളെ സാധാരണ ബാധിക്കില്ല.

നിക്ഷേപകര്‍ക്ക് നഷ്ടമുണ്ടായേക്കാം. എന്നാല്‍ മികച്ച റേറ്റിങ്ങുള്ള ഏജന്‍സികളാണ് ബോണ്ട് പുറത്തിറക്കുന്നതെങ്കില്‍ ലാഭസാധ്യത മുന്നില്‍ക്കണ്ട് കമ്പനികള്‍ ഇവയില്‍ നിക്ഷേപം നടത്താറുണ്ട്.

കിഫ്ബി മസാല ബോണ്ടുകള്‍ ലണ്ടന്‍, സിംഗപ്പൂര്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളിലാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്.  സിംഗപ്പൂര്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ പുറത്തിറക്കിയ മസാല ബോണ്ടുകള്‍ വഴി സംസ്ഥാനം 2150 കോടി രൂപ സമാഹരിക്കുകയും ചെയ്തു.
أحدث أقدم