തദ്ദേശ തെരഞ്ഞെടുപ്പില്‍ മൂവായിരത്തിലധികം വാര്‍ഡുകളില്‍ സ്ഥാനാര്‍ത്ഥികളില്ലാതെയാണ് എന്‍ഡിഎ തെരെഞ്ഞെടുപ്പിനെ നേരിടുന്നത്. കാസര്‍ഗോഡ്, കണ്ണൂര്‍, മലപ്പുറം, വയനാട് ജില്ലകളിലാണ് മുന്നണി ഏറ്റവുമധികം സ്ഥാനാര്‍ത്ഥി ദാരിദ്ര്യം നേരിടുന്നത്. മുഴുവന്‍ സീറ്റുകളിലും സ്ഥാനാര്‍ത്ഥികളെന്ന സംസ്ഥാന നേതൃത്വത്തിന്റെ പ്രഖ്യാപനമാണ് ഇതോടെ പാഴായത്.
കണ്ണൂര്‍ ജില്ലയിലെ 1684 തദ്ദേശ വാര്‍ഡില്‍ 337 സീറ്റില്‍ ബിജെപി സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചിട്ടില്ല. മലപ്പട്ടം, ചെറുകുന്ന് പഞ്ചായത്തുകളിലെ ഒരു വാര്‍ഡിലും ബിജെപി മത്സരത്തിനില്ല. മലപ്പുറത്ത് 700 വാര്‍ഡുകളിലും കാസര്‍ഗോഡ് എട്ട് ബ്ലോക്ക് പഞ്ചായത്ത് ഡിവിഷന്‍ ഉള്‍പ്പെടെ 116 വാര്‍ഡുകളിലും ബിജെപി കളത്തിലില്ല. കോഴിക്കോട് എട്ട് ഗ്രാമപഞ്ചായത്ത് വാര്‍ഡിലും രണ്ട് നഗരസഭാ ഡിവിഷനിലും ആളില്ലെന്നതിന് പുറമേ വയനാട്ടില്‍ 74 വാര്‍ഡുകളിലാണ് പാര്‍ട്ടിക്ക് സ്ഥാനാര്‍ത്ഥികളില്ലാത്തത്. മലപ്പുറം ജില്ലയില്‍ 223 ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനില്‍ 190ല്‍ മാത്രമാണ് സ്ഥാനാര്‍ത്ഥികളുള്ളത്. 12 നഗരസഭകളിലെ 479 ഡിവിഷനില്‍ 251 ഡിവിഷനിലും മുന്നണി മത്സരിക്കുന്നില്ല. എറണാകുളം ജില്ലയിലെ പല്ലാരിമംഗലം പഞ്ചായത്തില്‍ 13 വാര്‍ഡുകളില്‍ ഒന്നില്‍ മാത്രമാണ് എന്‍ഡിഎ മത്സരിക്കുന്നത്. ആലപ്പുഴ നഗരസഭയില്‍ അഞ്ചിടത്ത് സ്ഥാനാര്‍ത്ഥിയില്ലെന്നതിനൊപ്പം കോട്ടയത്ത് 204 മുനിസിപ്പല്‍ വാര്‍ഡുകളില്‍ 139 സീറ്റില്‍ മാത്രമാണ് ബിജെപി മത്സരിക്കുന്നത്.
അതേ സമയം മത്സരിക്കുന്ന പലയിടങ്ങളിലും ആര് ഭരിക്കുമെന്ന് തീരുമാനിക്കാൻ തക്ക ശേഷിയും എൻഡിഎയ്ക്കുണ്ട്. ജില്ലാ പഞ്ചായത്ത്, കോർപ്പറേഷൻ ഭരണം പിടിക്കാൻ കഴിഞ്ഞിട്ടില്ലെങ്കിലും കഴിഞ്ഞ തവണ പാലക്കാട് മുൻസിപ്പാലിറ്റി ഭരിച്ചത് എൻഡിഎയാണ്. കൂടാതെ നിരവധി ഗ്രാമപഞ്ചായത്തുകളും എൻഡിഎ ഭരിക്കുന്നുണ്ട്.