ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ വെന്നിക്കൊടി പാറിച്ച് ഇന്ത്യ







സിഡ്നി:  ഇന്ത്യ- ഓസ്‌ട്രേലിയ ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഓസ്‌ട്രേലിയയെ ആറു വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ. 

ഓസ്‌ട്രേലിയ ഉയര്‍ത്തിയ 195 റണ്‍സ് വിജയലക്ഷ്യം രണ്ടു പന്തുകള്‍ ബാക്കിനില്‍ക്കെ ഇന്ത്യ മറികടക്കുകയായിരുന്നു. 14 റണ്‍സ് ജയത്തിനരികെ ഡാനിയല്‍ സാംസ് എറിഞ്ഞ അവസാന ഓവറില്‍ രണ്ടു സിക്‌സറുകള്‍ നേടിയ ഹാര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ ട്വന്റി 20 പരമ്പര ഇന്ത്യ സ്വന്തമാക്കി.

22 പന്തുകള്‍ നേരിട്ട ഹാര്‍ദിക് പാണ്ഡ്യ രണ്ടു സിക്‌സും മൂന്നു ഫോറുമടക്കം 42 റണ്‍സാണെടുത്തത്. അര്‍ധ സെഞ്ചുറി നേടിയ ശിഖര്‍ ധവാനാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 36 പന്തുകള്‍ നേരിട്ട ധവാന്‍ രണ്ടു സിക്‌സും നാലു ഫോറുമടക്കം 52 റണ്‍സെടുത്തു.
24 പന്തുകള്‍ നേരിട്ട ക്യാപ്റ്റന്‍ വിരാട് കോലി രണ്ടു സിക്‌സും രണ്ടു ഫോറുമടക്കം 40 റണ്‍സും ശ്രേയസ് അയ്യര്‍ അഞ്ചു പന്തില്‍ നിന്ന് 12 റണ്‍സും സഞ്ജു 10 പന്തില്‍ നിന്ന് 15 റണ്‍സുമെടുത്തു. 195 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് ഓപ്പണര്‍മാരായ കെ.എല്‍ രാഹുലും ശിഖര്‍ ധവാനും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. ഓപ്പണിങ് വിക്കറ്റില്‍ 56 റണ്‍സ് ചേര്‍ത്ത ശേഷമാണ് ഈ സഖ്യം പിരിഞ്ഞത്. നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ നിശ്ചിത 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സെടുത്തിരുന്നു.



أحدث أقدم