അംഗങ്ങളുടെ സത്യപ്രതിജ്ഞ 21 ന്; മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു


തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ ഡിസംബർ 21 ന് സത്യപ്രതിജ്ഞ/ദൃഢപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഇത് സംബന്ധിച്ച മാർഗനിർദ്ദേശങ്ങൾ കമ്മീഷൻ പുറപ്പെടുവിച്ചു.
ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിൽ ആദ്യ അംഗത്തെ സത്യപ്രതിജ്ഞ/ദൃഢപ്രതിജ്ഞ ചെയ്യിക്കേണ്ടത് അതാത് സ്ഥാപനങ്ങളിലെ വരണാധികാരികളാണ്. മുനിസിപ്പൽ കൗൺസിലുകളിൽ കമ്മീഷൻ നിയോഗിച്ചിട്ടുള്ള വരണാധികാരികളാണ് പ്രതിജ്ഞ ചെയ്യിപ്പിക്കേണ്ടത്. കോർപ്പറേഷനുകളിൽ ജില്ലാ കളക്ടർമാർക്കാണ് ചുമതല.
ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളിൽ ഏറ്റവും പ്രായം കൂടിയ അംഗം/കൗൺസിലർ വരണാധികാരി മുമ്പാകെ സത്യപ്രതിജ്ഞ/ദൃഢപ്രതിജ്ഞ എടുക്കണം. ഇദ്ദേഹമായിരിക്കും മറ്റ് അംഗങ്ങളെ സത്യപ്രതിജ്ഞ/ദൃഢപ്രതിജ്ഞ ചെയ്യിക്കുക. തിരഞ്ഞെടുക്കപ്പെട്ട എല്ലാ അംഗങ്ങൾക്കും പ്രതിജ്ഞ എടുക്കാൻ രേഖാമൂലം അറിയിപ്പ് നൽകും.
ഗ്രാമ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, മുനിസിപ്പൽ കൗൺസിലുകൾ എന്നിവിടങ്ങളിൽ രാവിലെ 10നും കോർപ്പറേഷനുകളിൽ 11.30 നുമാണ് സത്യപ്രതിജ്ഞ നടപടികൾ ആരംഭിക്കുക. ചടങ്ങുകൾക്ക് ഗ്രാമപഞ്ചായത്തുകളിൽ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർമാരും ബ്ലോക്ക് പഞ്ചായത്തുകളിൽ അസിസ്റ്റന്റ് ഡെവലപ്പ്‌മെന്റ് കമ്മീഷണർമാരും മുനിസിപ്പാലിറ്റികളിലും കോർപ്പറേഷനുകളിലും അതാത് തദ്ദേശസ്ഥാപനങ്ങളിലെ സെക്രട്ടറിമാരും ജില്ലാ പഞ്ചായത്തുകളിൽ ജില്ലാ കളക്ടർമാരുമാണ് ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യുക. ചടങ്ങുകൾ ഏകോപിപ്പിച്ച് നടപ്പാക്കുന്നതിന്റെ പൊതു മേൽനോട്ടം അതാത് ജില്ലാ കളക്ടർമാർക്കായിരിക്കും.
സത്യപ്രതിജ്ഞാ ചടങ്ങ് കഴിഞ്ഞാലുടൻ തിരഞ്ഞെടുക്കപ്പെട്ട എല്ലാ അംഗങ്ങളുടേയും ആദ്യ യോഗം ആദ്യം പ്രതിജ്ഞ ചെയ്ത അംഗത്തിന്റെ അധ്യക്ഷതയിൽ ചേരേണ്ടതാണ്.. സത്യപ്രതിജ്ഞാ ചടങ്ങുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ സമയബന്ധിതമായി നടക്കുന്നുണ്ടെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ നിരീക്ഷിക്കേണ്ടതും കമ്മീഷന് റിപ്പോർട്ട് സമർപ്പിക്കണം.

أحدث أقدم