തങ്ക അങ്കി രഥഘോഷയാത്ര ഡിസം. 22 ന് പുറപ്പെടും



 




തിരുവനന്തപുരം: മണ്ഡല പൂജക്ക് സമാപനം കുറിച്ച് ശബരിമല ധർമ്മശാസ്താ ക്ഷേത്രത്തിലെ അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്ക അങ്കി രഥഘോഷയാത്ര ഈ മാസം 22 ന് ആറൻമുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്നും പുറപ്പെട്ട് 
25 ന് ഉച്ചക്ക്  പമ്പയിൽ എത്തിച്ചേരും.

വൈകുന്നേരം ശബരിമലയിലേക്ക് കൊണ്ടുവരുന്ന തങ്ക അങ്കിക്ക്  ശരംകുത്തിയിൽ വച്ച് തിരുവിതാംകൂർ  ദേവസ്വം ബോർഡ് ആചാരപൂർവ്വമുള്ള സ്വീകരണം നൽകും.
തുടർന്ന് സന്നിധാനത്തേക്ക്  തങ്ക അങ്കി ഘോഷയാത്ര ആനയിക്കപ്പെടും.  പതിനെട്ടാം പടിക്ക് മുകളിൽ, കൊടിമരത്തിന് മുന്നിൽ വച്ച്  ഔദ്യോഗികമായി വരവേറ്റ് ശ്രീകോവിലിനുള്ളിലേക്ക് കൈമാറും.ശേഷം  തങ്ക അങ്കി ചാർത്തിയുള്ള ദീപാരാധന നടക്കും. 
26ന് ഉച്ചക്ക് ആണ് മണ്ഡലപൂജ നടക്കുക.

ഇക്കുറി തങ്കയങ്കി ഘോഷയാത്രക്ക്  കൊവിഡ് 19 നിയന്ത്രണങ്ങൾ ഉണ്ടാകും. ഘോഷയാത്ര ആറൻമുളയിൽ നിന്ന് ആരംഭിച്ച് പമ്പയിൽ അവസാനിക്കുന്നതു വരെ വഴി നീളെയുള്ള സ്വീകരണം, പറയെടുപ്പ് എന്നിവ ഉണ്ടാവില്ല. ജംഗ്ഷനുകളിലെ സ്വീകരണവും ഒഴിവാക്കിയിട്ടുണ്ട്. മുൻ വർഷങ്ങളിൽ പോകുന്നതു പോലെ അമ്പലങ്ങളിൽ എത്തിച്ചേരുമ്പോൾ അവിടെ സ്വീകരണത്തിന് ക്രമീകരണം ഒരുക്കും. എന്നാൽ ക്ഷേത്രങ്ങളിൽ ആൾക്കൂട്ടം അനുവദിക്കില്ല. ഇവിടെയും  കൊവിഡ്- 19 പ്രോട്ടോകോൾ പൂർണ്ണമായും പാലിച്ച് കൊണ്ടായിരിക്കും ഭക്തർക്ക് സ്വീകരണത്തിന് അവസരം നൽകുകയെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് അഡ്വ.എൻ.വാസു പറഞ്ഞു. 

ഘോഷയാത്രയെ അനുഗമിക്കുന്നവരുടെ എണ്ണം കുറയ്ക്കാൻ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കൂടാതെ ഘോഷയാത്രയെ അനുഗമിക്കുന്നവർ കൊവിഡ്- 19 പരിശോധനാ നെഗറ്റീവ് സർട്ടിഫിക്കറ്റും കരുതണം. ഇവർ ഘോഷയാത്രയിൽ സാമൂഹിക അകലം പാലിക്കണമെന്നും പ്രസിഡൻ്റ് വാർത്താകുറിപ്പിൽ വ്യക്തമാക്കി.

ചിത്തിര തിരുനാൾ മഹാരാജാവ് ശബരിമല നടയ്ക്ക് സമർപ്പിച്ച 453 പവൻ തങ്കത്തിൽ നിർമ്മിച്ച അങ്കിയാണ് മണ്ഡല പൂജയ്ക്ക് അയ്യപ്പസ്വാമിക്ക് ചാർത്തുന്നതിനായി വർഷങ്ങളായി  ഘോഷയാത്രയായി കൊണ്ടുവരുന്നത്.


أحدث أقدم