25 ലക്ഷം രൂപ തന്നാല്‍ വനിതാ കമ്മീഷന്‍ അംഗമാക്കാമെന്ന് പറഞ്ഞ് പറ്റിച്ചു’; സ്മൃതി ഇറാനിയ്‌ക്കെതിരെ പരാതിയുമായി ഷൂട്ടര്‍ വാര്‍ത്തിക സിംഗ്


കേന്ദ്രമന്ത്രി സ്മൃതി ഇറാനിയ്ക്കും പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്കുമെതിരെ പരാതിയുമായി പ്രശസ്ത ഷൂട്ടര്‍ വാര്‍ത്തിക സിംഗ്. കേന്ദ്ര വനിതാ കമ്മീഷന്‍ അംഗമാക്കാനായി സ്മൃതി ഇറാനിയും മൂന്ന് ഉദ്യോഗസ്ഥരും തന്നോട് പണം ആവശ്യപ്പെട്ടുവെന്നാണ് വാര്‍ത്തികയുടെ പരാതി. പരാതിയുമായി കോടതിയെ സമീപിക്കുമെന്നും വന്‍ തട്ടിപ്പ് വെളിച്ചത്തുകൊണ്ടുവരുമെന്നും വാര്‍ത്തിക ദി ലോജിക്കല്‍ ഇന്ത്യന്‍ മാധ്യമത്തോട് പറഞ്ഞു.

വനിതാ കമ്മീഷന്‍ അംഗമാക്കാന്‍ സാധാരണഗതിയില്‍ ആളുകളില്‍ നിന്നും ഈടാക്കുന്നത് ഒരു കോടി രൂപയാണെന്ന് മന്ത്രിയും കൂട്ടരും പറഞ്ഞ് വിശ്വസിപ്പിച്ചതായി ഇവര്‍ പരാതിപ്പെടുന്നു. എന്നാല്‍ തന്റെ പ്രൊഫൈല്‍ നല്ലതാണെന്ന കാരണം ചൂണ്ടിക്കാട്ടി 25 ലക്ഷം തന്നാല്‍ മതിയെന്ന് ഇവര്‍ പറഞ്ഞുവെന്നും വാര്‍ത്തിക വെളിപ്പെടുത്തുന്നു.


താന്‍ വനിതാ കമ്മീഷന്‍ അംഗമായെന്ന് സൂചിപ്പിക്കുന്ന ഒരു വ്യാജ സര്‍ട്ടിഫിക്കറ്റും ഇറാനിയും കൂട്ടരും എത്തിച്ചുനല്‍കിയതായി ഇവര്‍ ആരോപിക്കുന്നു. പിന്നീട് പണത്തിന്റേയും അംഗത്വത്തിന്റേയും കാര്യം ചോദിച്ച തന്നോട് സ്മൃതിയുടെ സ്റ്റാഫംഗങ്ങള്‍ അപമര്യാദയായി പെരുമാറിയെന്നും അസഭ്യം പറഞ്ഞെന്നും ഇവര്‍ പരാതിപ്പെടുന്നു.

എംപി- എംഎല്‍എ കോടതി വിഷയത്തില്‍ ജനുവരി രണ്ടിന് വാദം കേള്‍ക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. അന്താരാഷ്ട്രതലത്തില്‍ തന്നെ ശ്രദ്ധ നേടിയിട്ടുള്ള ഷൂട്ടറാണ് വാര്‍ത്തിക സിംഗ്.

أحدث أقدم