ഉറവിടമറിയാത്ത അജ്ഞാതരോഗം; തളര്‍ന്നുവീണത് 300ലേറെ പേര്‍; ഒരു മരണം; ആന്ധ്രാഗ്രാമം ഭീതിയില്‍

ആന്ധ്രാപ്രദേശിലെ എളുരു ഗ്രാമത്തില്‍ ആളുകള്‍ കൂട്ടത്തോടെ തളര്‍ന്നുവീഴുന്നതിന്റെ കാരണമറിയാതെ നാട്ടുകാരും അധികൃതരും ഭീതിയില്‍. കഴിഞ്ഞ രണ്ടുദിവസത്തിനിടെ പ്രദേശത്തെ 300ലധികം പേരാണ് അജ്ഞാതമായ അസ്വസ്ഥതതമൂലം തളര്‍ന്നുവീണത്. അസ്വസ്ഥതയെത്തുടര്‍ന്ന് ഒരു മരണവും രേഖപ്പെടുത്തിയിട്ടുണ്ട്. ചികിത്സതേടിയവരില്‍ 170ഓളം പേര്‍ ആശുപത്രിവിട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. മനംപുരട്ടല്‍, വായില്‍ നിന്ന് നുരയും പതയും വരിക, വിറയല്‍, തളര്‍ച്ച മുതലായ ലക്ഷണങ്ങളാണ് ആശുപത്രിയിലെത്തിയ ഗ്രാമവാസികള്‍ പ്രകടിപ്പിച്ചതെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. എന്നാല്‍ എന്തുകൊണ്ടാണ് ഇവര്‍ക്ക് ഇത്തരം അസ്വസ്ഥതതയുണ്ടാകുന്നതെന്ന് വിദഗ്ധര്‍ക്ക് കണ്ടെത്താനായിട്ടില്ല. ഒരുപക്ഷേ മലിനമായ ജലം ഉപയോഗിച്ചതുകൊണ്ടാകാം ഇവര്‍ക്ക് തളര്‍ച്ചയുണ്ടാകുന്നതെന്നാണ് ഒരുകൂട്ടരുടെ വാദം.

തളര്‍ച്ചയുണ്ടായവരില്‍ പലരും ഒരേ ഗ്രാമത്തിന്റെ തന്നെ വ്യത്യസ്ത മേഖലയില്‍ നിന്നെത്തിയവരാണെന്നതും ഇവര്‍ തമ്മില്‍ സമ്പര്‍ക്കമുണ്ടായിട്ടില്ലെന്നതും ആരോഗ്യപ്രവര്‍ത്തകരെ കുഴക്കുന്നുണ്ട്. വിറയലും ബോധക്ഷയവും 10 മിനിറ്റുമുതല്‍ 15 മിനിറ്റുവരെയാണ് നീണ്ടുനില്‍ക്കുന്നതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. രോഗികളുടെ രക്തപരിശോധന ഫലത്തില്‍ നിന്നും കാര്യമായൊന്നും കണ്ടെത്താനായിട്ടില്ലെന്നും ഇവര്‍ പറയുന്നു.

അജ്ഞാതരോഗത്തെത്തുടര്‍ന്ന് പ്രദേശത്തെ ജലസ്രോതസുകളെല്ലാം പരിശോധിച്ചെന്നും യാതൊരു കുഴപ്പവും കണ്ടെത്താനായിട്ടില്ലെന്നും ഉപമുഖ്യമന്ത്രി എ കെ കെ ശ്രീനിവാസ് അറിയിച്ചു. പ്രദേശത്തെ വീടുകള്‍ തോറും കയറിയിറങ്ങി ആരോഗ്യവകുപ്പ് സര്‍വ്വേ നടത്തിവരികയാണ്. രോഗബാധിതര്‍ക്കെല്ലാം കൊവിഡ് നെഗറ്റീവാണെന്ന് കണ്ടെത്തിയതായും ആരോഗ്യവകുപ്പ് അറിയിച്ചു.

أحدث أقدم