51കാരിയുടെ മരണത്തില്‍ ദുരൂഹത; 28 കാരനായ ഭര്‍ത്താവ് കസ്റ്റഡിയില്‍

 
തിരുവനന്തപുരം കാരക്കോണത്ത് സ്ത്രീ വീട്ടിനുള്ളില്‍ മരണപ്പെട്ട നിലയില്‍. മരണത്തില്‍ ദുരൂഹത സംശയിച്ച് ഭര്‍ത്താവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.ത്രേസ്യാപുരം സ്വദേശി ശാഖയാണ് മരിച്ചത്. ഭര്‍ത്താവ് അരുണാണ് വെള്ളറട പോലീസിന്റെ കസ്റ്റഡിയിലുളളത്. രണ്ടുമാസം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം. 51 വയസ്സാണ് ശാഖയുടെ പ്രായം. അരുണിന് 28ഉം. സ്വത്ത് മോഹിച്ചാണ് അരുണ്‍ ശാഖയെ വിവാഹം കഴിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചതെന്ന സംശയം നേരത്തെ തന്നെ ശാഖയുടെ ബന്ധുക്കള്‍ക്ക് ഉണ്ടായിരുന്നു. മരണത്തില്‍ ദുരൂഹതയുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് അരുണിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്.

ഇന്ന് രാവിലെയാണ് വീടിനുള്ളില്‍ ശാഖയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. വീടിനുള്ളില്‍ ഷോക്കേറ്റ നിലയില്‍ കണ്ടെത്തുകയായിരുന്നു എന്നാണ് അരുണ്‍ പറയുന്നത്. അരുണാണ് വിവരം അയല്‍ വാസികളെ അറിയിച്ചത്. ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ മരിച്ചിട്ട് മണിക്കൂറുകള്‍ ആയെന്നായിരുന്നു ഡോക്ടറുടെ മറുപടി. തുടര്‍ന്ന് സംഭവത്തില്‍ ദുരൂഹത സംശയിച്ചാണ് അരുണിനെ കസ്റ്റഡിയിലെടുത്തത്. വീട്ടിനകത്ത് അലങ്കാര ബള്‍ബുകളിടാനായി വൈദ്യുത മീറ്ററില്‍ നിന്നെടുത്ത കേബിളില്‍ നിന്നാണ് ഷോക്കേറ്റത്.

സ്വകാര്യ ആശുപത്രിയിലെ റിസപ്ഷനിസ്റ്റ് എന്നു പരിചയപ്പെട്ടാണ് ശാഖയെ അരുണ്‍ വിവാഹം ചെയ്തത്. സാമ്ബത്തികമായി ശാഖ ഏറെ മുന്നിലായിരുന്നു. സ്വത്തു തട്ടിയെടുക്കാനുള്ള ശ്രമെന്ന് ബന്ധുക്കള്‍ പോലീസിന് പരാതി നല്‍കി. അരുണിനെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.
أحدث أقدم