തിരു: ഡോക്ടര്‍മാരുടെ ഒപി ബഹിഷ്കരണത്തില്‍ സംസ്ഥാനത്തെ പല ആശുപത്രികളിലും രോഗികളെ ദുരിതത്തിലാക്കി. മിക്ക മെഡിക്കല്‍ കോളേജുകളിലും ആശുപത്രികളിലും രോഗികള്‍ മണിക്കൂറുകളായി കാത്തുനില്‍ക്കുന്ന കാഴ്ച്ചയാണ് കാണുന്നത് . മെഡിക്കല്‍ കോളജുകളിലും വിവിധ സര്‍ക്കാര്‍ ആശുപത്രികളിലുമെത്തിയ രോഗികള്‍ പലരും ചികിത്സ കിട്ടാതെ വിഷമത്തിലായി.
ആയൂര്‍വേദ ഡോക്ടര്‍മാര്‍ക്ക് ശസ്ത്രക്രിയ നടത്താന്‍ അനുമതി നല്‍കിയതില്‍ പ്രതിഷേധിച്ച് അലോപ്പതി ഡോക്ടര്‍മാര്‍ ആഹ്വാനം ചെയ്ത ഒപി ബഹിഷ്‌കരണത്തില്‍ വലഞ്ഞത് സാധാരണക്കാരായ രോഗികള്‍.
ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ആഹ്വാനംചെയ്ത സമരത്തില്‍ കെ.ജി.എം.ഒ.എ, കെ.ജി.എം.സി.ടി.എ, കെ.ജി.എസ്.ഡി.എ, കെ. ജി.ഐ.എം.ഒ.എ, കെ.പി.എം.സി.ടി.എ തുടങ്ങിയ ഡോക്ടര്‍മാരുടെ സംഘടനകളും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയായിരുന്നു. മുന്‍കൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകളും നടത്തില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. മെഡിക്കല്‍ കോളജുകളിലും സര്‍ക്കാര്‍ ആശുപത്രികളിലും ധാരാളം രോഗികള്‍ എത്തിയിരുന്നു. എന്നാല്‍ പരിശോധനകള്‍ നടത്താന്‍ ഡോക്ടര്‍മാര്‍ തയ്യാറായില്ല.
ചികിത്സ നിഷേധിക്കില്ലെന്നും ഗുരുതരാവസ്ഥയിലുളള രോഗികളെ ചികിത്സിക്കുമെന്നും കെജിഎംസിടിഎ സംസ്ഥാന പ്രസിഡന്റ് ഡോ.ബിനോയ് വ്യക്തമാക്കി. എന്നാല്‍ ബഹിഷ്‌കരണത്തെക്കുറിച്ച് അറിയാതെ മെഡിക്കല്‍ കോളജില്‍ ഉള്‍പ്പെടെ മറ്റ് അസുഖങ്ങളുമായി എത്തിയ രോഗികള്‍ നിരവധിയാണ്. ഇവര്‍ക്കെല്ലാം പൂര്‍ണമായി ചികിത്സ നിഷേധിക്കുന്ന സ്ഥിതിയാണ്.