പാലക്കാട്ട് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. തെങ്കുറുശ്ശി സ്വദേശി അനീഷാണ് കൊല്ലപ്പെട്ടത്. തെങ്കുറിശ്ശിക്ക് സമീപം മാനാംകുളമ്പിലാണ് സംഭവം. കൊലപാതകവുമായി ബന്ധപ്പെട്ട് അനീഷിന്റെ ഭാര്യയുടെ അമ്മാവൻ സുരേഷിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
സുരേഷും അനീഷിന്റെ ഭാര്യ പിതാവ് പ്രഭുവും ചേര്‍ന്നാണ് കൊലപാതകം നടത്തിയതെന്നാണ് പ്രാഥമിക വിവരം. കൊലയ്ക്ക് ശേഷം പ്രഭു ഒളിവിൽ പോയെന്നാണ് സൂചന. ഇയാൾക്കായി തെരച്ചിൽ തുടങ്ങിയിട്ടുണ്ട്.
അനീഷിന്റെ ഭാര്യയുടെ അമ്മാവനും അച്ഛനും ചേര്‍ന്നാണ് കൊല നടത്തിയതെന്നും ചേട്ടന്റെ ശരീരത്തിൽ നിരവധി കുത്തേറ്റ പാടുകളുണ്ടെന്നും അനീഷിന്റെ സഹോദരൻ മാധ്യമങ്ങളോട് പറഞ്ഞു.
സാമ്പത്തികമായി രണ്ടു തട്ടിലുള്ളവരായിരുന്നു അനീഷും ഭാര്യയും. പെയിന്റിംഗ് തൊഴിലാളിയായ അനീഷിനൊപ്പം ജീവിക്കാനായി മൂന്ന് മാസം മുൻപാണ് പെണ്‍കുട്ടി വീട് വിട്ടു വന്നത്. ഇതിനു ശേഷം അനീഷിന് നിരന്തരം ഭാര്യവീട്ടുകാരുടെ ഭീഷണിയുണ്ടായിരുന്നുവെന്ന് ബന്ധുക്കളും നാട്ടുകാരും പറയുന്നു.
സംഭവം ദുരഭിമാനക്കൊലയാണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്