നഴ്സിംഗ് ജോലി തട്ടിപ്പ് കേസിൽ മൂന്നുപേർ അറസ്റ്റിൽ








കൊച്ചി: വിദേശത്ത് നഴ്സിംഗ് ജോലി വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ് നടത്തിയ കേസിൽ മൂന്നുപേർ അറസ്റ്റിൽ. കൊച്ചി പനമ്പിള്ളി നഗറിലെ ജോർജ് ഇന്‍റർനാഷണൽ ഏജൻസിയുടെ നടത്തിപ്പുകാരാണ് പിടിയിലായത്. ഇടുക്കി വണ്ടമറ്റം സ്വദേശി ആദർശ് ജോസ്, കോട്ടയം സ്വദേശി വിൻസെന്‍റ് മാത്യു, ഒറ്റപ്പാലം സ്വദേശി പ്രിൻസി ജോൺ എന്നിവരാണ് അറസ്റ്റിലായത്.

കുവൈത്ത്, ഷാര്‍ജ, കാനഡ എന്നിവിടങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് മുന്നോറോളം പേരിൽ നിന്നായി ജോർജ്ജ് ഇന്‍റർനാഷണൽ എന്ന സ്ഥാപനം പണം തട്ടിയെടുത്തെന്നായിരുന്നു പരാതി. ഒരു ലക്ഷം മുതല്‍ ആറു ലക്ഷം രൂപ വരെയാണ് ഓരോരുത്തരില്‍നിന്നും വാങ്ങിയത്. നാലര കോടിയോളം രൂപ ഇത്തരത്തിൽ മൂന്നു വര്‍ഷത്തിനിടെ തട്ടിയെടുത്തിട്ടുണ്ടെന്നാണ് പൊലീസ് കണ്ടെത്തൽ. 

തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് ഏജൻസിയുടെ നടത്തിപ്പുകാരായ ആദർശ് ജോസ്, വിൻസെന്‍റ് മാത്യു, പ്രിൻസി ജോൺ എന്നിവരെ പിടികൂടിയത്. ഒളിവിലായിരുന്ന പ്രതികൾ വിവിധയിടങ്ങളിലായി വാഹനങ്ങളിൽ മാസ്ക് വിൽപ്പന നടത്തുകയായിരുന്നു. ഇവരെ കൂടാതെ കേസിലെ മുഖ്യ സൂത്രധാരനായ കുവൈത്തിലുള്ള അനീഷ് ജോസ്, കണ്ണൂർ സ്വദേശി ജോർജ്ജ് ടി. ജോസ് എന്നിവരെ പിടികൂടാനുണ്ട്.



أحدث أقدم