പ്രത്യേക നിയമസഭാ സമ്മേളനം ഇന്ന്
കേന്ദ്ര കാർഷിക നിയമത്തിൻ്റെയും ഡൽഹിയിൽ നടക്കുന്ന കർഷക പ്രക്ഷോഭത്തിൻ്റെയും പശ്ചാത്തലത്തിലാണ് പ്രത്യേക നിയമസഭാ സമ്മേളനം നിശ്ചയിച്ചിരിക്കുന്നത്.
വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കുക, കർഷക പ്രക്ഷോഭം ഒത്തുതീർപ്പാക്കാൻ ഇടപെടുക എന്നീ ആവശ്യങ്ങളുയർത്തി ഐകകണ്ഠ്യേന പ്രമേയം പാസാക്കാനാണ് പ്രത്യേക സമ്മേളനം ചേരുന്നത്. നിയമസഭാ ചട്ടം 118 അനുസരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പ്രമേയം അവതരിപ്പിക്കും.
മുഖ്യമന്ത്രിക്ക് പുറമെ പ്രതിപക്ഷ നേതാവിനും ഘടകകക്ഷി നേതാക്കൾക്കും മാത്രമാകും സംസാരിക്കാൻ അവസരം.
ഒരു മണിക്കൂറാണ് സമ്മേളന സമയം നിശ്ചയിച്ചിരിക്കുന്നത്.
കേരള കോൺഗ്രസ് ജോസ് വിഭാഗം എൽ.ഡി.എഫിലേക്ക് മാറിയശേഷം ആദ്യമായാണ് സഭ ചേരുന്നത്.
എന്നാൽ, നിയമസഭയിൽ ഇരുവിഭാഗവും ഒറ്റ കക്ഷിയായാണ് തുടരുന്നത്.
പി.ജെ. ജോസഫാണ് കക്ഷിനേതാവ്. അതിനാൽ പി.ജെ. ജോസഫിനാകും സംസാരിക്കാൻ അവസരം ലഭിക്കുകയെന്നാണ് സൂചന.