ന്യൂദൽഹി: ഓര്‍ത്തഡോക്സ്-യാക്കോബായ സഭാ തര്‍ക്കത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടും. മിസോറം ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ളയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സഭാ തര്‍ക്കവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ പ്രധാനമന്ത്രിയെ ധരിപ്പിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.
ന്യൂനപക്ഷ ഫണ്ട് വിതരണത്തിലെ അപാകത ഉള്‍പ്പെടെ ക്രൈസ്തവ വിഭാഗത്തിലെ ആശങ്കകള്‍ അവസാനിപ്പിക്കാന്‍ വിവിധ സഭാനേതൃത്വവുമായി പ്രധാനമന്ത്രി ക്രിസ്മസിന് ശേഷം ചര്‍ച്ച നടത്തും. 80:20 എന്ന അനുപാതത്തിലാണ് ഇപ്പോള്‍ ലഭിക്കുന്നത്. ഇത് വിവേചനപരമാണ്, ഇക്കാര്യത്തെക്കുറിച്ചും പ്രധാനമന്ത്രിയെ അറിയിച്ചതായി അദ്ദേഹം പറഞ്ഞു.
ക്രൈസ്തവ സഭയിലെ പെണ്‍കുട്ടികള്‍ ഐഎസ് സ്വാധീനത്തിൽ പെടുന്നതിനെക്കുറിച്ച് സഭാ നേതൃത്വത്തിനുള്ള ആശങ്കയും പ്രധാനമന്ത്രി അറിയിച്ചതായി ശ്രീധരൻപിള്ള വ്യക്തമാക്കി.
അതേസമയം, സഭാ തര്‍ക്കത്തിൽ നീതിപൂര്‍വമായ പരിഹാരം ഉണ്ടാവണമെന്നും സഭാതര്‍ക്കത്തിൽ പ്രധാനമന്ത്രി ഇടപെടുമെങ്കില്‍ അതിനെ സ്വാഗതം ചെയ്യുന്നുവെന്നും യാക്കോബായ സഭയുടെ പ്രതിനിധി പറഞ്ഞു.
നിയമങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഇടപെടലുകളെ ഓര്‍ത്തഡോക്സ് സഭ സ്വാഗതം ചെയ്യുന്നുവെന്ന് സഭാ പ്രതിനിധിയും പ്രതികരിച്ചു. നിയമത്തേയും സുപ്രീംകോടതി ഉത്തരവിനേയും സഭ ബഹുമാനിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.