കോട്ടയം: അരേയും ഭയക്കാതെ സത്യങ്ങൾ തുറന്ന് പറഞ്ഞ മാധ്യമ പ്രവര്‍ത്തകന്‍ എസ് വി പ്രദീപിന്റെ അപകടമരണം സി.ബി.ഐ അന്വേഷിക്കണമെന്ന് മലയാളം ഓൺലൈൻ മീഡിയ അസോസിയേഷൻ ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രിയ്ക്കും പ്രധാനമന്ത്രിയ്ക്കും പരാതി നൽകുമെന്നും മലയാളം ഓൺലൈൻ മീഡിയ അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് ഏ.കെ ശ്രീകുമാർ അറിയിച്ചു.
അദ്ദേഹം സഞ്ചരിച്ച ഇരുചക്രവാഹനത്തെ ഇടിച്ച വണ്ടി ഏതെന്ന് കണ്ടെത്താന്‍ ഇനിയും കഴിഞ്ഞിട്ടല്ലന്നാണ് അറിയുന്നത്. ഇതിലെല്ലാം ദുരൂഹത ഉണ്ട്. അത് കൊണ്ട് തന്നെ ഇക്കാര്യത്തില്‍ ഉന്നത തല അന്വേഷണം നടത്തി വസ്തുതകള്‍ പുറത്ത് കൊണ്ടുവരണം.
സത്യം പറയുന്ന മാധ്യമ പ്രവർത്തകരെയും മാധ്യമങ്ങളെയും ഇല്ലാതാക്കാനുള്ള നീക്കം അനുവദിക്കാനാവില്ല. ഇത് സ്വതന്ത്രമാധ്യമ പ്രവർത്തനം തകർക്കാനുള്ള നീക്കമാണ്. ഇതിനെതിരെ സമൂഹം ഒറ്റക്കെട്ടായി നിൽക്കണമെന്നും മലയാളം ഓൺലൈൻ മീഡിയ അസോസിയേഷൻ ആവശ്യപ്പെട്ടു.