ബുറെവിക്ക് പിന്നാലെ വരുന്നത് അർണബോ; അടുത്ത ചുഴലിക്കാറ്റ് രൂപപ്പെട്ടേക്കുമെന്ന് റിപ്പോർട്ട്



ചെന്നൈ: ഇന്ത്യന്‍ മഹാസമുദ്രത്തില്‍ രൂപപ്പെടാന്‍ ഇടയുള്ള മറ്റൊരു ചുഴലിക്കാറ്റിന്റെ പേര് അര്‍ണബ് എന്നാകാം. വ്യാജവാര്‍ത്തയാണോ ഇതെന്ന് സംശയിക്കേണ്ട. ചുഴലിക്കാറ്റിന് നല്‍കുന്നതിനായി 13 രാജ്യങ്ങള്‍ നിര്‍ദ്ദേശിച്ച 169 പേരുകളില്‍ ഒന്നാണ് അര്‍ണബ്. 

ബംഗ്ലാദേശാണ് ചുഴലിക്കാറ്റിന് അര്‍ണബ് എന്ന പേര് നിര്‍ദേശിച്ചിട്ടുള്ളതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടു ചെയ്തു. മ്യാന്മാര്‍, ഇറാന്‍, ഒമാന്‍, പാകിസ്താന്‍, ഖത്തര്‍, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളാണ് വരാനിരിക്കുന്ന ചുഴലിക്കാറ്റുകള്‍ക്ക് പേരുകള്‍ നിര്‍ദേശിച്ചിട്ടുള്ളത്. പുതിയ ചുഴലിക്കാറ്റുകളുടെ പേരുകള്‍ ഉള്‍പ്പെട്ട പട്ടിക ഇന്ത്യന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറത്തുവിട്ടിട്ടുണ്ട്. 

ഫാനി, വായു, ബുള്‍ബുള്‍, ഹിക്ക, അംഫാന്‍, നിസര്‍ഗ, നിവാര്‍, ബുറെവി എന്നിവയാണ് അടുത്തിടെ രൂപംകൊണ്ട ചുഴലിക്കാറ്റുകള്‍. ഈ പേരുകള്‍ക്കൊപ്പമാണ് അര്‍ണബും ഇടംപിടിക്കാന്‍ ഒരുങ്ങുന്നത്. മാലദ്വീപില്‍ വളരുന്ന കണ്ടലിന് സമാനമായ ചെടിയുടെ പേരാണ് ബുറെവി. മാലദ്വീപ് തന്നെയാണ് ആ പേര് നിര്‍ദ്ദേശിച്ചത്. കനത്ത മഴയ്ക്ക് ഇടയാക്കിയ നിവാര്‍ ചുഴലിക്കാറ്റിന് പിന്നാലെയാണ് ബുറെവി എത്തിയത്. പേര്‍ഷ്യന്‍ ഭാഷയില്‍ വെളിച്ചം എന്ന് അര്‍ഥം വരുന്ന നിവാര്‍ എന്ന പേര് ചുഴലിക്കാറ്റിന് നല്‍കിയത് ഇറാനാണ്.

ചുഴലിക്കാറ്റുകള്‍ക്ക് ഇന്ത്യ പേരുകള്‍ നല്‍കിത്തുടങ്ങിയത് 2004 ലാണ്. അഗ്നി എന്ന പേരാണ് ഇന്ത്യ ആദ്യമായി ഒരു ചുഴലിക്കാറ്റിന് നല്‍കിയത്.
أحدث أقدم