കെഎസ്എഫ്ഇ വിജിലൻസ് പരിശോധന വിവാദത്തിൽ ധനമന്ത്രി തോമസ് ഐസകിനെതിരെ സിപിഎം. പരിശോധനയെ കുറിച്ചുള്ള പരസ്യ പ്രസ്താവന ഒഴിവാക്കണമായിരുന്നു എന്ന് സിപിഎം


തിരുവനന്തപുരം: കെഎസ്എഫ്ഇ വിജിലൻസ് പരിശോധന വിവാദത്തിൽ ധനമന്ത്രി തോമസ് ഐസകിനെതിരെ സിപിഎം. പരിശോധനയെ കുറിച്ചുള്ള പരസ്യ പ്രസ്താവന ഒഴിവാക്കണമായിരുന്നു എന്ന്  സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവന ഇറക്കി,. പരസ്യ പ്രതികരണങ്ങൾ ഒഴിവാക്കേണ്ടിയിരുന്നു. ധനമന്ത്രിയുടെ  പ്രതികരണങ്ങൾ തെറ്റായ വ്യാഖ്യാനമുണ്ടാക്കിയെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നുണ്ട്. 


കെഎസ്എഫ്ഇയിലെ വിജിലൻസ് പരിശോധനയുടെ പശ്ചാത്തലത്തിൽ സിപിഎമ്മിലും സര്‍ക്കാരിനും വ്യത്യസ്ത അഭിപ്രായം ഉണ്ടെന്ന പ്രാചാരണം അടിസ്ഥാന രഹിതമാണ്. ആശയക്കുഴപ്പമുണ്ടാക്കാമെന്നത് രാഷ്ട്രീയ എതിരാളികളുടെ വൃഥാ ശ്രമമാണ്. കെഎസ്എഫ്ഇയിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ സാധാരണ ഗതിയിലുള്ള പരിശോധനയാണെന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞിട്ടുണ്ടെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറയുന്നു. 


വിജിലൻസ് പരിശോധന സംബന്ധിച്ചുള്ള ചില പ്രതികരണങ്ങൾ തെറ്റായ വ്യാഖ്യാനത്തിനും പ്രചാരണത്തിനും ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. കെഎസ്എഫ്ഇയെ പോലുള്ള മികവാര്‍ന്ന സ്ഥാപനത്തെ അപകീര്‍ത്തിപ്പെടുത്താൻ ഈ പരിശോധനയെ ഉപയോഗിക്കുന്നത് കണ്ട് നടത്തിയ പ്രതികരണങ്ങളാണ് അത്. എന്നാൽ അത്തരം പരസ്യ പ്രതികരണങ്ങൾ ഒഴിവാക്കേണ്ടതായിരുന്നു എന്നാണ് പ്രസ്താവനയിലൂടെ സിപിഎം വ്യക്തമാക്കുന്നത്. 
أحدث أقدم