മുന്നറിയിപ്പില്ലാതെ ഗുരുദ്വാര സന്ദര്‍ശിച്ച് പ്രധാനമന്ത്രി








ന്യൂഡൽഹി: രാജ്യതലസ്ഥാനത്തു കര്‍ഷക പ്രക്ഷോഭം ശക്തമാകുന്നതിനിടെ പ്രധാനമന്ത്രി ദൽഹിയിലെ ഗുരുദ്വാര സന്ദര്‍ശിച്ചു. പ്രധാനമന്ത്രിയുടെ പരിപാടിയില്‍ ഗുരുദ്വാര സന്ദര്‍ശനം നേരത്തെ നിശ്ചയിക്കപ്പെട്ടിരുന്നില്ല. കര്‍ഷക പ്രക്ഷോഭം നടക്കുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം എന്നത് ശ്രദ്ധേയമാണ്.
      പ്രധാനമന്ത്രിയുടെ സന്ദര്‍ശന സമയത്ത് ഗുരുദ്വാരയില്‍ പ്രത്യേക നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിരുന്നില്ല. അതേസമയം, ഡൽഹിയിലെ കര്‍ഷക സമരം 25 ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. നിയമം പിന്‍വലിക്കാതെ പിന്നോട്ടില്ലെന്ന് കര്‍ഷകര്‍ നിലപാട് ആവര്‍ത്തിച്ചതോടെ സമരം കൂടുതല്‍ ശക്തിപ്രാപിക്കുകയാണ്. പ്രധാനമന്ത്രിയുടെ പ്രതികരണത്തിന് കര്‍ഷകര്‍ രൂക്ഷമായ ഭാഷയില്‍ മറുപടി നല്‍കിയതോടെ കേന്ദ്രസര്‍ക്കാറും കര്‍ഷകരും തങ്ങളുടെ നിലപാട് കടുപ്പിക്കുകയാണ്. ഇന്നലെ രാത്രി ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമറുമായി കൂടിക്കാഴ്ച നടത്തി.
      ഹരിയാനയില്‍ നിന്നുള്ള ബിജെപി നേതാവ് ചൗധരി ബിജേന്ദ്ര സിംഗ് കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഹരിയാന മുഖ്യമന്ത്രി കേന്ദ്ര  കൃഷി മന്ത്രിയെ കണ്ടത്.
      മൂന്നു ദിവസത്തിനകം കര്‍ഷകരുമായി വീണ്ടും കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ച നടത്തുമെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം മനോഹര്‍ ലാല്‍ ഖട്ടര്‍ പറഞ്ഞു. സുപ്രീം കോടതിയിലെ കേസില്‍ സ്വീകരിക്കേണ്ട നിലപാടിനെ കുറിച്ച് അഭിഭാഷകരുമായി കര്‍ഷക സംഘടനകളുടെ ചര്‍ച്ച തുടരുകയാണ്.
      ദില്ലി-ആഗ്ര, ദില്ലി- രാജസ്ഥാന്‍ ദേശീയപാത ഉപരോധവും, തിക്രി, ഗാസിപൂര്‍ ജില്ല അതിര്‍ത്തികളില്‍ സമരവും  തുടരുകയാണ്.


أحدث أقدم