മകന്റെ അടിയേറ്റ പിതാവ് ആത്മഹത്യ ചെയ്ത കേസില്‍ മകന്റെ ഭാര്യയെയും ബേഡകം പോലീസ് അറസ്റ്റ് ചെയ്തു


ബേഡകം: മകന്റെ അടിയേറ്റ് കയ്യൊടിഞ്ഞു ചികിത്സയിലായിരുന്ന പിതാവ് ആശുപത്രി കെട്ടിടത്തില്‍ നിന്നും ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ മകന്റെ ഭാര്യയെയും പ്രതിചേര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തു.

കുറ്റിക്കോല്‍ പടുപ്പ് വില്ലാരംവയലിലെ സന്തോഷിന്റെ ഭാര്യ ആഷ  പി ജെ, 29 വയസ് എന്ന സ്ത്രീയെയാണ് ബുധനാഴ്ച ബേഡകം പോലീസ് ഇന്‍സ്‌പെക്ടര്‍ ടി ഉത്തംദാസിന്റെ നിര്‍ദ്ദേശപ്രകാരം എസ് ഐ രാമചന്ദ്രന്‍, പോലീസുകാരായ പ്രദീപ് കുമാര്‍, രമ്യ എന്നിവര്‍ ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.മകന്‍ സന്തോഷ് ഭാര്യയോടൊപ്പം വീട്ടില്‍ വന്ന് പിതാവ് 69 വയസ്സുള്ള ലക്ഷ്മണയെ അടിച്ച്  കൈയ്യൊടിച്ചു എന്ന്  അമ്മ ലളിത നല്കിയ പരാതിയില്‍  ബേഡകം പോലീസ് മകന്‍ സന്തോഷിനും ഭാര്യ ആഷയ്ക്കും എതിരെ 308 ഐ പി സി പ്രകാരം  നരഹത്യാ ശ്രമത്തിന് കേസ് എടുത്തിരുന്നു.സംഭവത്തിന് ശേഷം     കര്‍ണാടകയില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിക്കപ്പെട്ട ലക്ഷ്മണ, 69 വയസ്, ആശുപത്രി കെട്ടിടത്തില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തിരുന്നു.
കേസിലെ ഒന്നാം പ്രതിയായ മകന്‍ ജെസിബി സന്തോഷ് എന്ന സന്തോഷ് വിഎ, വയസ്: 36, വില്ലാരംവയല്‍, ബന്തടുക്ക എന്നയാളെ കഴിഞ്ഞയാഴ്ച മാണിമൂലയില്‍ വെച്ച് ബേഡകം പോലീസ്  അറസ്റ്റ് ചെയ്തു
കാസര്‍ഗോഡ് കോടതിയില്‍ ഹാജരാക്കി, ഇപ്പോള്‍ ജയിലിലാണ്.മണ്ണുമാന്തി യന്ത്രത്തിന്റെ ഡ്രൈവറായ പ്രതി  സന്തോഷ് വിവാഹശേഷം, സ്വത്ത് സംബന്ധമായ തര്‍ക്കത്തെ തുടര്‍ന്ന് വീട്ടുകാരുമായി വഴക്കിട്ട് 
മാറി താമസിക്കുകയായിരുന്നു. കഴിഞ്ഞ ആഴ്ചയാണ്  സന്തോഷ് ഭാര്യ ആഷയോടൊപ്പം വില്ലാരം വയലിലെ  വീട്ടിലെത്തി, മദ്യലഹരിയില്‍ വടികൊണ്ട് പിതാവിനെ തല്ലി കൈയ്യൊടിച്ചത്.
കൈക്ക് ഗുരുതരമായി  പരിക്കു പറ്റി കര്‍ണാടകസുള്ള്യയിലെ കെ വി ജി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന പിതാവ്  ലക്ഷ്മണന്‍,
കൂടെയുണ്ടായിരുന്ന മരുമകന്‍ നാരായണന്‍ രാത്രി ഭക്ഷണം വാങ്ങാന്‍ പുറത്തു പോയപ്പോള്‍ ആശുപത്രി കെട്ടിടത്തില്‍ നിന്നും ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു.
പ്രതിയായ ആഷയെയും പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പെണ്‍മക്കളെയും ബേഡകം പോലീസ് ആദ്യം പടന്നക്കാട് സ്‌നേഹാലയത്തില്‍   എത്തിച്ചിരുന്നു. ആഷയുടെ കര്‍ണാടകയിലുള്ള ബന്ധുക്കള്‍ എത്തി മൂന്ന് പെണ്‍കുട്ടികളെയും  ഏറ്റെടുത്ത ശേഷമാണ് സന്തോഷിന്റെ ഭാര്യയെ പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത ആഷയെ വൈദ്യപരിശോധനയ്ക്ക് ശേഷം ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്ന് ബേഡകം സി ഐ ടി ഉത്തംദാസ് അറിയിച്ചു.
أحدث أقدم