ബംഗളൂരു: കർണാടകത്തിൽ ഗോവധ നിരോധന നിയമ ബിൽ നിയമസഭയിൽ പാസായി. ശബ്ദവോട്ടോടെയാണ് ബിൽ പാസാക്കിയത്. ഇനി ഉപരിസഭയിലും ബിൽ പാസായി ഗവർണർ ഒപ്പുവച്ചു നിയമമാകുന്നതോടെ സംസ്ഥാനത്ത് പശു , കാള , പോത്ത് തുടങ്ങിയ കന്നുകാലികളെ കൊല്ലുന്നത് നിയമവിരുദ്ധമാകും.
കാലികളെ കശാപ്പു ചെയ്യുന്നവർക്ക് 50,000 രൂപ മുതൽ 5 ലക്ഷം രൂപ വരെ പിഴയും 7 വര്ഷം വരെ തടവും ശിക്ഷ നൽകുന്നതാണ് നിയമം. കുറ്റവാളിയെന്ന് തെളിഞ്ഞാൽ അവരുടെ കാലികൾ , വസ്തുക്കൾ, സ്ഥലം , വാഹനങ്ങൾ എന്നിവ കണ്ടുകെട്ടാനും നിയമം മൂലം സർക്കാരിന് കഴിയും.
എസ്‌ഐ റാങ്ക് മുതലുള്ള ഉദ്യോഗസ്ഥർക്ക് സംശയകരമായി തോന്നുന്ന കാലി വളർത്തു ഇടങ്ങളിലെല്ലാം കയറി പരിശോധന നടത്താനും കാലികളെ പിടിച്ചെടുക്കാനും നിയമം അനുവദിക്കുന്നു.