ലൗ ജിഹാദ്’ ആക്ട്, യു.പി.യിൽ ആദ്യ അറസ്റ്റ്



ലഖ്‌നൗ: കഴിഞ്ഞ ദിവസം പുറത്തിറക്കിയ നിയമവിരുദ്ധ മതപരിവര്‍ത്തനം തടയല്‍ ഓര്‍ഡിനന്‍സ് പ്രകാരം ഉത്തര്‍പ്രദേശില്‍ ആദ്യ അറസ്റ്റ്. ബറേലി സ്വദേശിയായ 21കാരന്‍ ഉവൈഷ് അഹമ്മദാണ് ബുധനാഴ്ച അറസ്റ്റിലായതെന്ന് പൊലീസ് പറഞ്ഞു. കേസ് രജിസ്റ്റര്‍ ചെയ്തത് മുതല്‍ യുവാവ് ഒളിവിലായിരുന്നു. ഷരിഫ്‌നഗര്‍ സ്വദേശി ടിക്കാറാം റാത്തോഡ് എന്നയാളുടെ പരാതിയിലാണ് അറസ്റ്റ്. പഠിക്കുന്ന കാലത്ത് 20കാരിയായ മകളെ പ്രണയം നടിച്ച് നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ശ്രമിച്ചെന്നാണ് പരാതി. കുടുംബത്തെ ഭീഷണിപ്പെടുത്തിയെന്നും പറയുന്നു.


യുവാവിനെതിരെ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതിന് കേസുണ്ടെന്ന് ബറേലി റൂറല്‍ എസ്പി സന്‍സര്‍ സിംഗ് പറഞ്ഞു. അതേസമയം, യുവാവുമായുള്ള പ്രശ്‌നം 2019ല്‍ അവസാനിച്ചതാണെന്നും യുവതിയെ 2020 മേയില്‍ മറ്റൊരു യുവാവ് വിവാഹം ചെയ്‌തെന്നും യുവതിയുടെ സഹോദരന്‍ കേസാര്‍പാല്‍ റാത്തോഡ് പറഞ്ഞതായി ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു. പൊലീസില്‍ പരാതി നല്‍കിയിട്ടില്ല. വീട്ടിലെത്തിയ പൊലീസ് പഴയ കാര്യങ്ങള്‍ അന്വേഷിച്ച് പിതാവിനെ സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോകുകയാണ് ഉണ്ടായതെന്നും ഇയാള്‍ പറഞ്ഞു.

أحدث أقدم