ഷൊര്‍ണ്ണൂര്‍ നഗരസഭാ മുന്‍ അധ്യക്ഷനും സിപിഎം ജില്ലാകമ്മിറ്റിയംഗവുമായ എംആര്‍ മുരളി മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റാകും. എംആര്‍ മുരളിയെ അധ്യക്ഷനാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ശനിയാഴ്ചയാണ് സിപിഎമ്മും ഇക്കാര്യത്തില്‍ തീരുമാനത്തിലെത്തിയത്.
സര്‍ക്കാര്‍ നിര്‍ദേശാനുസരണം ഡിസംബര്‍ രണ്ടിന് നാമനിര്‍ദേശ പത്രിക നല്‍കും. ഡിസംബര്‍ അവസാനത്തോടെ എംആര്‍ മുരളി ചുമതലയേല്‍ക്കും. നിയമസഭയിലെ ഹിന്ദു എംഎല്‍എമാരുടെ വോട്ടോടെയാണ് ദേവസ്വം ബോര്‍ഡിലേക്കുള്ള അധ്യക്ഷന്മാരെ തെരഞ്ഞെടുക്കുന്നത്. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ ക്ഷേത്രങ്ങളുള്‍പ്പെടുന്നതാണ് മലബാര്‍ ദേവസ്വം ബോര്‍ഡ്. കാടാമ്പുഴ, അങ്ങാടിപ്പുറം, തിരുന്നാവായ, തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രം, വയനാട് തിരുനെല്ലി, കോഴിക്കോട് തളി, ചെര്‍പ്പുളശ്ശേരി അയ്യപ്പന്‍കാവ്, ഒറ്റപ്പാലം ചിനക്കത്തൂര്‍കാവ് ഉള്‍പ്പടെ മലബാര്‍ മേഖലയിലെ രണ്ടായിരത്തോളം ക്ഷേത്രങ്ങള്‍ ദേവസ്വം ബോര്‍ഡിന് കീഴിലുണ്ട്.