തിരുവനന്തപുരം: അന്തസ്സംസ്ഥാന സ്വകാര്യബസുകൾക്ക് രാജ്യത്തെവിടെയും ഓടാനാകുന്നവിധം ഓൺലൈൻ നയം പ്രഖ്യാപിച്ചതിനുപിന്നാലെ ഇവയ്ക്ക് നിയമപരിരക്ഷ നൽകാൻ കേന്ദ്രസർക്കാർ പ്രത്യേകപദ്ധതി തയ്യാറാക്കുന്നു. കെ.എസ്.ആർ.ടി.സി.ക്ക് ദേശസാത്‌കൃതപാതകളിൽ കുത്തകാവകാശം ലഭിക്കാൻ സംസ്ഥാനസർക്കാർ തയ്യാറാക്കിയ മാതൃകയിൽ അന്തസ്സംസ്ഥാന സ്വകാര്യബസുകൾക്ക് തടസ്സമില്ലാതെ ഓടാൻ അവസരമൊരുക്കുകയാണു ലക്ഷ്യം. 2019-ലെ കേന്ദ്ര മോട്ടോർവാഹന നിയമഭേദഗതിയിൽ പദ്ധതി തയ്യാറാക്കാനുള്ള അധികാരം കേന്ദ്രസർക്കാരിനു നൽകിയിരുന്നു.സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ഓടുന്ന ബസുകൾക്ക് അവിടങ്ങളിലെ നിയമവും നികുതിഘടനയിലെ വ്യതിയാനവും തടസ്സമാകുന്നത് ഒഴിവാക്കുകയാണു ലക്ഷ്യം. കെ.എസ്.ആർ.ടി.സി.ക്കു ഭീഷണിയാകാനിടയുള്ള നടപടി മുന്നിൽക്കണ്ട് എതിർപ്പറിയിക്കാൻ സംസ്ഥാനസർക്കാരും നടപടിയാരംഭിച്ചു.
വിയോജിപ്പ് അറിയിക്കാൻ കേന്ദ്രത്തിനുകൈമാറുന്ന കത്തിൽ ഇക്കാര്യം പരാമർശിക്കും. കേന്ദ്രസർക്കാരിന്റെ നാഷണലൈസ്ഡ് സ്കീം, സംസ്ഥാനത്തെ പെർമിറ്റ് വ്യവസ്ഥ ലംഘിക്കുന്നതാകരുതെന്ന് ആവശ്യപ്പെടും. ഇതുസംബന്ധിച്ച് വിയോജനക്കുറിപ്പ് തയ്യാറാക്കാൻ ഗതാഗതസെക്രട്ടറിയെ മന്ത്രി എ.കെ. ശശീന്ദ്രൻ ചുമതലപ്പെടുത്തി.
വരുന്ന ഏപ്രിൽമുതൽ പ്രാബല്യത്തിൽവരുന്ന വിധത്തിലാണ് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയം പദ്ധതി തയ്യാറാക്കുന്നത്. ഇതിന്റെ നടപടികൾ പുരോഗമിക്കുകയാണ്. ദേശീയതലത്തിൽ പ്രവർത്തിക്കുന്ന ടൂർ ഓപ്പറേറ്റർമാർക്കുവേണ്ടിയാണ് ഈ നടപടി. അന്തസ്സംസ്ഥാന ബസുകൾക്ക് രാജ്യവ്യാപകമായി ഏകീകൃത പെർമിറ്റും നികുതിയും ഏർപ്പെടുത്തുന്നതും കേന്ദ്രപരിഗണനയിലുണ്ട്