മാവേലിക്കരയിൽ വാടകയ്ക്കു താമസിക്കുന്ന സ്ത്രീയുടെ വീടിനുള്ളിൽ നിന്നും കാറിൽ നിന്നുമായി ലഹരി വസ്തുക്കൾ പിടിച്ചെടുത്തു




ആലപ്പുഴ: മാവേലിക്കര തഴക്കരയിൽ വാടകയ്ക്കു താമസിക്കുന്ന സ്ത്രീയുടെ വീടിനുള്ളിൽ നിന്നും കാറിൽ നിന്നുമായി 29 കിലോ കഞ്ചാവ് പിടിച്ചെടുത്തു. തെക്കൻ കേരളത്തിൽ പുതുവർഷാഘോഷങ്ങൾ ലക്ഷ്യമിട്ട് വിൽപ്പനയ്ക്കായി കരുതി വെച്ചിരുന്ന ലഹരി വസ്തുക്കളാണ് പോലീസ് പിടിച്ചെടുത്തത്.

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ മാവേലിക്കര പുന്നമൂട് സ്വദേശി ലിജു ഉമ്മന്റെ സുഹൃത്തായ ചേരാവള്ളി സ്വദേശിനി നിമ്മിയുടെ പേരിൽ മാവേലിക്കര ഗവ.ആശുപത്രിക്ക് സമീപം എടുത്ത വാടക വീട്ടിൽ നിന്നും 29 കിലോ കഞ്ചാവും 4.5 ലിറ്റർ വാറ്റുചാരായവും 40 ലിറ്റർ വാഷും വാറ്റ് ഉപകരണങ്ങളും 1800 പായ്ക്കറ്റ് ഹാൻസും പോലിസ് പിടിച്ചെടുത്തത്. 

ഒന്നാം പ്രതി മാവേലിക്കര താലുക്കിൽ തെക്കേക്കര വില്ലേജിൽ പോനകം മുറിയിൽ എബനേസർ പുത്തൻവീട്ടിൽ തോമസ് മകൻ ലിജു ഉമ്മൻ തോമസ് (40) ഒളിവിലാണ്. രണ്ടാം പ്രതി കായംകുളം ചേരാവള്ളി മുറിയിൽ തയ്യിൽ തെക്കതിൽ വീട്ടിൽ വിനോദ് ഭാര്യ നിമ്മിയെ (32) പോലീസ് അറസ്റ്റു ചെയ്തു. ഒന്നാം പ്രതിക്കു വേണ്ടിയുള്ള അന്വേഷണം പോലീസ് ഊർജജിതമാക്കി. ആലപ്പുഴ ജില്ലാ പോലീസ് മേധാവി  സാബുവിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് 

 മാവേലിക്കര പോലീസ് ഇൻസ്പെക്ടർ ബി. വിനോദ് കുമാറിൻ്റെ നേതൃത്വത്തിലുള്ള  സംഘമാണ് റെയ്ഡ് നടത്തി രണ്ടാം പ്രതിയെയും ലഹരി വസ്തുക്കളും പിടിച്ചെടുത്തത്. ലിജു ഉമ്മൻ്റെ സുഹൃത്ത് നിമ്മിയുടെ സഹായത്താലാണ് ലഹരി വസ്തുക്കൾ വിപണനം നടത്തിയിരുന്നത്. ലഹരി വസ്തുക്കൾ കടത്താൻ ഉപയോഗിച്ചിരുന്ന ലിജു ഉമ്മൻ്റെ ആഡംബര കാറും നിമ്മിയുടെ സ്കൂട്ടറും പോലീസ് കസ്റ്റഡിയിലെടുത്തു.  നിമ്മിയുടെ ഭർത്താവ് കായംകുളം സ്വദേശി സേതു എന്ന് വിളിക്കുന്ന വിനോദ് നിരവധി ക്രിമിനൽ കേസിലെ പ്രതിയാണ്. ലിജു ഉമ്മനുമായി നിമ്മി സൗഹൃദം തുടങ്ങിയ ശേഷം ലിജുവാണ് നിമ്മിയെ മാവേലിക്കര ഭാഗത്ത് വാടക വീടെടുത്ത് താമസിപ്പിച്ച് വന്നിരുന്നത്.



أحدث أقدم