ബൈക്കിലിരുന്ന് വേഷം മാറുന്ന വിരുതന്മാരായ മോഷ്ടാക്കളെ വലയിലാക്കി പൊലീസ്








ആലപ്പുഴ : മാല മോഷണക്കേസിലെ പ്രതികളെ പിടിക്കാനാണ് ഇറങ്ങിയതെങ്കിലും നിരവധി കേസുകള്‍ക്കുള്ള തുമ്പാണ് കരീലക്കുളങ്ങര സ്റ്റേഷനിലെ പൊലീസുകാര്‍ കണ്ടെത്തിയത്. 

മോഷണ കേസില്‍ കൊല്ലം സ്വദേശികളായ അജിത്ത് (അച്ചു-24), ഷാജഹാന്‍ (25), പ്രേമന്‍ (35), സെയ്ദാലി (21), ജയന്‍ (24) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കൊല്ലം ജില്ലയിലും സമീപ ജില്ലകളിലെയും പല ബൈക്ക് മോഷണക്കേസിലെയും പിടിച്ചു പറി കേസുകളിലേയും പ്രതികളാണ് ഇവര്‍. 
 വന്‍ വാഹന മോഷണ, മയക്കുമരുന്ന് ശൃംഖലയുമായി ബന്ധം പുലര്‍ത്തി വരുന്നവരാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഇടവഴികളിലുടെ യാത്ര ചെയ്ത് സ്ത്രീകളുടെ മാലയോ പഴ്‌സോ കവര്‍ന്ന ശേഷം അമിത വേഗതയില്‍ സംഭവ സ്ഥലത്ത് നിന്നും രക്ഷപ്പെടുന്നതാണ് ഇവരുടെ പതിവു രീതി. മോഷണത്തിലൂടെ ലഭിക്കുന്ന പണം ഉപയോഗിച്ച് ലഹരി വസ്തുക്കളുടെ വ്യാപാരം നടത്തി ആര്‍ഭാട ജീവിതം നയിക്കുകയാണ് സംഘത്തിന്റെ ലക്ഷ്യമെന്നാണ് പൊലീസ് പറയുന്നത്. മോഷ്ടിച്ച ബൈക്കുകളാണ് മോഷണത്തിനായി  ഉപയോഗിച്ചിരുന്നത്. ഇതിന് ശേഷം ബൈക്കുകള്‍ ഒളിപ്പിക്കുകയോ ആക്രികടകളില്‍ വില്‍ക്കുകയോ ചെയ്യുകയാണ് പതിവെന്ന്കായംകുളം ഡിവൈഎസ്പി അലക്‌സ് ബേബി പറഞ്ഞു. കഴിഞ്ഞ രണ്ടിന് കരീലക്കുളങ്ങര പുത്തന്റോഡ് ജംക്ഷനില്‍ കട നടത്തുന്ന പുഷ്പവല്ലിയുടെ രണ്ടരപവന്റെ മാലയാണ് സംഘം കവര്‍ന്നത്.വെള്ളം വാങ്ങാനെന്ന വ്യാജേന കടയിലെത്തി മാല പൊട്ടിച്ച് ബൈക്കില്‍ കടക്കുകയായിരുന്നു.
പ്രൊഫഷണൽ മോഷ്ടാക്കളെ വെല്ലുന്ന തരത്തിലാണ് ഈ സംഘം മോഷണ പരമ്പരകൾ നടത്തി വന്നിരുന്നതെന്നാണ് പൊലീസ് പറയുന്നത്. കൃത്യം നടത്തിയ ശേഷം അമിത വേഗതയില്‍ പായുന്ന ഇവര്‍ വാഹനത്തില്‍ ഇരുന്നു കൊണ്ട് തന്നെ വേഷം മാറും. കരീലക്കുളങ്ങരയിലെ മോഷണത്തിനു ശേഷം ഇവര്‍ പല തവണ വേഷം മാറി. ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞാലും അമിത വേഗത കൊണ്ട് തിരിച്ചറിയാനും പൊലീസിന് കഴിയാതെ വരും. കഴിഞ്ഞ 2ന് 11.15ന് കൃത്യം നിര്‍വഹിച്ച് കടന്നു കളഞ്ഞ ഇവര്‍ 23 മിനിട്ട് കൊണ്ടാണ് 38 കിലോമീറ്റര്‍ താണ്ടി ചവറയില്‍ എത്തിയതെന്നാണ് പൊലീസ് പറയുന്നത്.

കരീലക്കുളങ്ങര പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇവര്‍സഞ്ചരിച്ചിരുന്ന ബൈക്ക് വെളിയത്ത് നിന്നും മോഷ്ടിച്ചതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. മോഷ്ടിച്ച ബൈക്കിന്റെ നമ്ബര്‍ പ്ലേറ്റ് മാറ്റി സാധാരണ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഇവര്‍ കൃത്യം നടത്തുന്ന സമയത്ത് യഥാര്‍ഥ നമ്ബര്‍ പ്ലേറ്റാണ് ഉപയോഗിച്ചിരുന്നത്.ചവറയിലുള്ള സിസിടിവി ദൃശ്യത്തിലാണ് അവ്യക്തമായെങ്കിലും ഇവര്‍ പതിഞ്ഞത്. ഇതിലെ താടിയുള്ള പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞു. തുടര്‍ന്ന് വാഹന നമ്ബര്‍ പരിശോധിച്ചപ്പോഴാണ് മോഷ്ടിച്ച ബൈക്കാണെന്ന് മനസിലായത്. തുടര്‍ന്ന് ചവറ മുതല്‍ നീണ്ടകര വരെയുള്ള ഭാഗങ്ങളില്‍ നിരീക്ഷണം ശക്തമാക്കി. ഇതിനിടയിലാണ് ചവറ പൊലീസ് സ്റ്റേഷന് സമീപമുള്ള പള്ളിയോട് ചേര്‍ന്നുള്ള വീട്ടില്‍ ചെറുപ്പക്കാര്‍ വാടകയ്ക്ക് താമസിക്കുന്നതായി വിവരം ലഭിച്ചത്. തുടര്‍ന്ന് പൊലീസ് പള്ളിയുടെ ഹാളിലിരുന്ന് ഒരു ദിവസം മുഴുവന്‍ നീരീക്ഷിച്ചതിന് ശേഷമാണ് ഇവരെ പിടികൂടിയത്.

ഇവരില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മറ്റു സംഘാംഗങ്ങളെ പറവൂരില്‍ നിന്നും പിടികൂടിയത്. ചവറയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ നിന്നും ഇവര്‍ പണയം വെച്ച മാലയും വീട്ടില്‍ നിന്നും വ്യാജ നമ്ബര്‍ പ്ലേറ്റുകളും കൃത്യം നടത്താന്‍ ഉപയോഗിച്ച വസ്ത്രങ്ങളും കണ്ടെടുത്തു. കരീലക്കുളങ്ങര സിഐ എസ്.എല്‍.അനില്‍കുമാര്‍, സിപിഒമാരായ എസ്.ആര്‍.ഗിരീഷ്, മണിക്കുട്ടന്‍, പ്രദീപ്, ജില്ലാ പൊലീസ് മേധാവിയുടെ സ്‌പെഷല്‍ സ്‌ക്വാഡിലെ അംഗങ്ങളായ ഇല്ല്യാസ്, സന്തോഷ്, ഹരികൃഷ്ണന്‍, മുഹമ്മദ് ഷാഫി, രജീന്ദ്രദാസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.


أحدث أقدم