കൊച്ചി:നയതന്ത്രപാഴ്സല്‍ വഴിയുള്ള സ്വര്‍ണക്കടത്തിനും ഡോളര്‍ കടത്തിനും പിന്നില്‍ വമ്പന്‍ സ്രാവുകളുണ്ടെന്ന് കേസിലെ പ്രതികളായ സ്വപ്ന സുരേഷിന്റെയും പിഎസ് സരിത്തിന്റെയും മൊഴികള്‍ സൂചിപ്പിക്കുന്നതായി കോടതി. കൊച്ചിയിലെ സാമ്പത്തിക കുറ്റവിചാരണക്കോടതിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറെ ഏഴു ദിവസം കൂടി കസ്റ്റംസിന്റെ കസ്റ്റഡിയില്‍ നല്‍കിക്കൊണ്ടുള്ള ഉത്തരവിലാണ് കോടതിയുടെ പരാമര്‍ശം. കസ്റ്റഡിയില്‍ ചോദ്യം ചെയ്തപ്പോള്‍ നവംബര്‍ 27 മുതല്‍ 29 വരെ സ്വപ്നയും സരിത്തും നല്‍കിയ മൂന്ന് നിര്‍ണായക മൊഴികളാണ് കസ്റ്റംസ് മുദ്രവച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിച്ചത്. ഇതു പരിശോധിച്ച ശേഷമാണു കോടതിയുടെ നിരീക്ഷണം.
പ്രതികള്‍ വെളിപ്പെടുത്തിയ പേരുകള്‍ മനഃസാക്ഷിയെ ഞെട്ടിക്കുന്നതാണ്. ഇവ ഈ ഘട്ടത്തില്‍ പുറത്തുവരുന്നത് അന്വേഷണപുരോഗതിയെ പ്രതികൂലമായി ബാധിക്കും. കുറ്റകൃത്യത്തില്‍ പ്രതികള്‍ വെളിപ്പെടുത്തിയവരുടെ യഥാര്‍ഥ പങ്കാളിത്തവും അതിനുള്ള ശക്തമായ തെളിവും കണ്ടെത്തേണ്ടതുണ്ട്. യുഎഇ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥരുമായി ഇവരുണ്ടാക്കിയ അടുത്ത ബന്ധമാണ് ഇത്രയും കാലം പിടിക്കപ്പെടാതെ കള്ളക്കടത്തു നടത്താന്‍ വഴിയൊരുക്കിയത്.