തിരുവനന്തപുരം: തങ്ങളുടെ മാതാപിതാക്കള്‍ പൊള്ളലേറ്റ് മരിക്കാനിടയായ സംഭവത്തില്‍ പരാതിക്കാരിയായ അയല്‍വാസി വസന്തയ്ക്കും എസ്‌ഐയ്ക്കുമെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് മരണപ്പെട്ട രാജന്റെ മക്കള്‍ ആവശ്യപ്പെട്ടു. ഡിവൈഎസ്പി എസ് അനില്‍കുമാറിന്റെ നേതൃത്വത്തില്‍ നടന്ന മൊഴിയെടുപ്പിലാണ് മക്കളായ രാഹുലും രഞ്ജിത്തും ഇക്കാര്യം ഉന്നയിച്ചത്.
അയല്‍വാസി വസന്ത പറഞ്ഞിട്ടാണ് ഗ്രേഡ് എസ്‌ഐ അനില്‍കുമാര്‍ പപ്പയുടെ കൈയിലെ ലൈറ്റര്‍ തട്ടിമാറ്റിയത്. അപ്പോഴാണ് പപ്പയുടെയും അമ്മയുടെയും ശരീരത്തിലേക്കു തീപടര്‍ന്നത്. അതുകൊണ്ട് ഇവര്‍ക്കെതിരേ കൊലക്കുറ്റത്തിനു കേസെടുക്കണം മക്കള്‍ പറഞ്ഞു. വീട്ടില്‍ ചോറ് കഴിച്ചുകൊണ്ടിരുന്ന രാജനെ ഒഴിപ്പിക്കാനെത്തിയ എസ്‌ഐ അനില്‍കുമാര്‍ പുറത്തേയ്ക്ക് വലിച്ചുകൊണ്ടുപോവുകയായിരുന്നു. ഈ സമയം പപ്പ വീട്ടിനകത്തുകയറി അമ്മയെയും കൂട്ടി പെട്രോള്‍ ദേഹത്തൊഴിച്ചു. ലൈറ്റര്‍ ഉപയോഗിച്ച് കത്തിച്ചപ്പോള്‍ കൈയില്‍ തീ പടര്‍ന്നു. എന്നാലിത് അപ്പോള്‍ത്തന്നെ പപ്പ അണച്ചു. ഈ സമയം എസ്‌ഐ ഓടിയെത്തി ലൈറ്റര്‍ തട്ടിയപ്പോഴാണ് വീണ്ടും തീപടര്‍ന്ന് പപ്പയ്ക്കും അമ്മയ്ക്കും പൊള്ളലേറ്റത്.
പപ്പയുടെ ദേഹത്ത് തീക്കൊളുത്തി എസ്‌ഐ കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു. വസന്ത കൃത്രിമമായി ആധാരമുണ്ടാക്കിയാണ് തങ്ങള്‍ താമസിച്ച സ്ഥലം സ്വന്തമാക്കാന്‍ ശ്രമിച്ചത്. ഇവരുടെ പണസ്വാധീനത്താലും രാഷ്ട്രീയസ്വാധീനത്താലുമാണ് വ്യാജ ആധാരമുണ്ടാക്കിയതെന്നും ഇരുവരും മൊഴിനല്‍കിയിട്ടുണ്ട്. രാഹുലിനെ വീട്ടിലെത്തിയും രഞ്ജിത്തിനെ ജനറല്‍ ആശുപത്രിയിലെത്തിയുമാണ് ഡിവൈഎസ്പി എസ് അനില്‍കുമാറിന്റെ നേതൃത്വത്തില്‍ മൊഴിയെടുത്തത്.