തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ആത്മ വിശ്വാസം നല്‍കുന്ന പ്രകടനമാണ് കാഴ്ചവച്ചതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യുഡിഎഫിന്റെ അടിത്തറയില്‍ കോട്ടം സംഭവിച്ചിട്ടില്ല. ജനപിന്തുണയില്‍ ഇടിവും ഉണ്ടായിട്ടില്ല. പോരായ്മകള്‍ ഉണ്ടെങ്കില്‍ പരിശോധിക്കുമെന്നും ചെന്നിത്തല പറഞ്ഞു.
കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി എന്നിവര്‍ക്കൊപ്പമാണ് പ്രതിപക്ഷ നേതാവും മാധ്യമങ്ങളെ കണ്ടത്. സര്‍ക്കാരിനെതിരെ രൂപപ്പെട്ട ജനവികാരം പൂര്‍ണമായും പ്രതിഫലിച്ചിട്ടില്ല. പ്രാദേശിക പ്രശ്‌നങ്ങളും വ്യക്തിപരമായ സ്വാധീനങ്ങളുമാണ് ചര്‍ച്ച ചെയ്യപ്പെടുന്നതെന്നും ചെന്നിത്തല പറഞ്ഞു.
സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന അഴിമതികള്‍ കേരളത്തിലെ ജനങ്ങള്‍ വെള്ളപൂശിയെന്ന എല്‍ഡിഎഫിന്റെ നിലപാട് അങ്ങേയറ്റം അപഹാസ്യമാണ്. അഴിമതിക്കെതിരായ പോരാട്ടം കോണ്‍ഗ്രസ് പാര്‍ട്ടി തുടരുമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.
കേരളത്തില്‍ ബിജെപിക്ക് സ്ഥാനമില്ലെന്ന് തദ്ദേശ തെരഞ്ഞെടുപ്പോടെ വ്യക്തമായി. ഏതാനും പോക്കറ്റുകളില്‍ മാത്രമാണ് ബിജെപിക്ക് സ്വാധീനം. കേരളത്തില്‍ ഒരു ചലനവും സൃഷ്ടിക്കാന്‍ ബിജെപിക്കായില്ലെന്നും ചെന്നിത്തല പറഞ്ഞു.