ചെന്നൈ: തമിഴ് ടെലിവിഷൻ താരത്തെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി.
സീരിയൽ താരം വി. ജെ ചിത്ര (29) യെയാണ് ഹോട്ടൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
സീരിയൽ ഷൂട്ടിംഗ് കഴിഞ്ഞ് ഹോട്ടൽ മുറിയിൽ തിരിച്ചെത്തിയ ചിത്ര ജീവനൊടുക്കുകയായിരുന്നു എന്നാണു പ്രാഥമിക നിഗമനം.
ഷൂട്ടിംഗ് കഴിഞ്ഞ് പുലർച്ചെ 2.30 നാണ് ചിത്ര ഹോട്ടൽ മുറിയിലെത്തിയത്. സഹതാരം ഹേമന്തിനൊപ്പമാണ് ചിത്ര താമസിച്ചിരുന്നത്. റൂമിലെത്തിയ ചിത്ര തനിക്ക് കുളിക്കണമെന്നും ഹേമന്തിനോടു പുറത്തേക്കു പോകണമെന്നും ആവശ്യപ്പെട്ടു. ഏറെ സമയം കഴിഞ്ഞിട്ടും ചിത്ര വാതിൽ തുറന്നില്ല. ഹേമന്ത് വാതിലിൽ മുട്ടി നോക്കിയെങ്കിലും മറുപടിയുണ്ടായില്ല.
ഇതേതുടർന്നു, ഹോട്ടൽ ജീവനക്കാരിൽനിന്ന് മുറിയുടെ മറ്റൊരു താക്കോൽ വാങ്ങി ഹേമന്ത് വാതിൽ തുറന്നു നോക്കയപ്പോഴാണ് മുറിയിലെ ഫാനിൽ കെട്ടിത്തൂങ്ങിയ നിലയിൽ ചിത്രയെ കണ്ടെത്തിയത്. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. സംഭവത്തിൽ നസ്രത്ത്പേട്ടൈ പോലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
തമിഴ് പ്രേക്ഷകർക്കിടയിൽ ഏറെ ജനപ്രീതിയുണ്ടായിരുന്ന സീരിയൽ നടിയാണ് ചിത്ര. വിജയ് ടിവി സംപ്രേക്ഷണം ചെയ്യുന്ന പാണ്ഡ്യൻ സ്റ്റോർസ് എന്ന സീരിയലിലെ മുല്ലൈ എന്ന കഥാപാത്രത്തിലൂടെയാണ് ചിത്ര പ്രശസ്തയാകുന്നത്