തിരുവനന്തപുരം: ബി ജെ പിയെ വീണ്ടും വെട്ടിലാക്കി പാര്‍ട്ടിയുടെ സംസ്ഥാനത്തെ ഏക എം എല്‍ എയായ ഒ രാജഗോപാല്‍. കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തിനെതിരെ സംസ്ഥാന നിയമസഭ കൊണ്ടുവന്ന പ്രമേയത്തെ അനുകൂലിച്ച് രാജഗോപാല്‍ രംഗത്തെത്തിയതാണ് ബി ജെ പിക്ക് തലവേദനയായിരിക്കുന്നത്.
പ്രമേയം പാസായത് ഐക്യകണ്ഠേനയാണെന്നും കര്‍ഷക നിയമം പിന്‍വലിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം നിയമസഭയ്ക്ക് പുറത്ത് മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. നിയമസഭയുടെ പൊതു അഭിപ്രായത്തെ താന്‍ മാനിച്ചു. സഭയില്‍ സംസാരിക്കാന്‍ സമയം ലഭിച്ചപ്പോള്‍ തന്റെ അഭിപ്രായം പറഞ്ഞു. കര്‍ഷക നിയമം പിന്‍വലിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. നിയമസഭ കൊണ്ടു വന്ന പ്രമേയത്തില്‍ ചില വ്യത്യാസങ്ങളുണ്ടായിരുന്നു. അതിനെ ചൂണ്ടിക്കാണിക്കുകയാണ് സഭയില്‍ ചെയ്തതെന്നും രാജഗോപാല്‍ പറഞ്ഞു.
പ്രമേയം ശബ്ദവോട്ടോടെ പാസാക്കിയപ്പോള്‍ ബി ജെ പി അംഗം ഒ രാജഗോപാല്‍ നിയമസഭയിലുണ്ടായിരുന്നിട്ടും എതിര്‍ത്തിരുന്നില്ല. നിയമസഭയില്‍ സംസാരിച്ചപ്പോഴും പ്രമേയത്തെ അദ്ദേഹം എതിര്‍ത്തിരുന്നില്ല. സഭ ഐക്യകണ്ഠേനയാണ് പ്രമേയം പാസാക്കുന്നതെന്ന് സ്പീക്കര്‍ പറഞ്ഞപ്പോഴും ബി ജെ പി അംഗത്തിന്റെ നിലപാട് ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്നു. ഇതോടെയാണ് സഭയ്ക്ക് പുറത്ത് വന്ന അദ്ദേഹം തന്റെ നിലപാട് വിശദീകരിച്ചത്. നേരത്തെയും സഭയില്‍ എടുക്കുന്ന നിലപാടില്‍ രാജഗോപാല്‍ ബി ജെ പിക്ക് തലവേദന സൃഷ്ടിച്ചിരുന്നെങ്കിലും ഇന്നത്തേത് പാര്‍ട്ടിക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്ന സമീപനമാണ് രാജഗോപാലില്‍ നിന്നും ഉണ്ടായിരിക്കുന്നത്.
അതേസമയം, ബി ജെ പിയില്‍ ഭിന്നതയില്ലെന്ന് സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ വ്യക്തമാക്കി. രാജഗോപാലുമായി സംസാരിച്ച ശേഷം പ്രതികരിക്കാം. രാജഗോപാല്‍ പറഞ്ഞത് എന്തെന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.