ബുറേവി ചുഴലിക്കാറ്റില്‍ തമിഴ്നാട്ടിൽ മൂന്ന് മരണം.







ചെന്നൈ: ബുറേവി ചുഴലിക്കാറ്റില്‍ തമിഴ്നാട്ടിൽ മൂന്ന് മരണം. കടലൂരിൽ 35 വയസുള്ള സ്ത്രീയും 10 വയസ്സുള്ള മകളും മരിച്ചു.
വീട് തകർന്ന് ദേഹത്ത് വീണായിരുന്നു മരണം. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ മറ്റൊരു സ്ത്രീ ചികിത്സയിലാണ്.  ചെന്നൈയിൽ വെള്ളക്കെട്ടില്‍ നിന്ന് വൈദുതാഘാതമേറ്റ് ഒരു യുവാവും മരിച്ചു.

ബുറേവി തീവ്ര ന്യൂനമർദ്ദമായതോടെ തമിഴ്നാട്ടിൽ കനത്ത മഴ തുടരുകയാണ്. ചെന്നൈയിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളക്കെട്ടിലാണ്. കടലൂർ പുതുച്ചേരി തീരത്തും മഴ ശക്തമായി.

മാന്നാർ കടലിടുക്കിൽ എത്തിയ അതിതീവ്ര ന്യൂനമർദം കഴിഞ്ഞ 24  മണിക്കൂറായി രാമനാഥപുരത്തിന് സമീപമായി തുടരുകയാണ്. നിലവില്‍ രാമനാഥപുരത്ത് നിന്ന് 40  കിമീ ദൂരത്തിലും, പാമ്പനിൽ നിന്നും 70 കിമീ  ദൂരത്തിലുമാണ് ബുറേവിയുടെ സ്ഥാനം. നിലവിൽ അതിതീവ്ര ന്യൂനമർദത്തിൻ്റെ പരമാവധി വേഗത മണിക്കൂറിൽ 45 മുതൽ 55 കിമീ വരെയും ചില അവസരങ്ങളിൽ 65 കിമീ വരെയുമാണ്. അതിതീവ്ര ന്യൂനമർദം അടുത്ത 12 മണിക്കൂറിൽ നിലവിലുള്ളയിടത്ത് തന്നെ തുടരുകയും ശക്തി കുറഞ്ഞ് തീവ്ര ന്യൂനമർദമായി മാറുകയും ചെയ്യുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് കണക്കാക്കുന്നത്.

കേരളത്തിൻ്റെ തെക്കൻ ജില്ലകളിൽ ഇന്നലെ രാത്രി ആരംഭിച്ച മഴ രാവിലെയും മിക്കയിടങ്ങളിലും തുടരുകയാണ്. ശബരിമലയിൽ ഇന്നലെ ഉച്ചയ്ക്ക് ശേഷം ആരംഭിച്ച മഴ ശമിച്ചിട്ടില്ല. ഇത് തീർഥാടകരെയും വലയ്ക്കുന്നുണ്ട്.

أحدث أقدم