നെയ്യാറ്റിൻകര സംഭവം : സാറേ, നിങ്ങളാ അവരെ കൊന്നത്'.. ഒരു മകന്റെ വിലാപം




തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ തർക്കഭൂമി ഒഴിപ്പിക്കുന്നതിനിടെ ആത്മഹത്യക്കു ശ്രമിച്ച രാജന്‍റെയും ഭാര്യ അമ്പിളിയുടെയും മരണത്തിൽ കൂടുതൽ ആരോപണങ്ങളുമായി കുടുംബം. ഹൈക്കോടതിയിൽ നിന്ന് മണിക്കൂറുകൾക്കകം സ്റ്റേ ഓർഡർ വരുമെന്നറിഞ്ഞാണ് പൊലീസ് ധൃതിപ്പെട്ട് ഒഴിപ്പിക്കാൻ ശ്രമിച്ചതെന്ന് മക്കൾ ആരോപിച്ചു. ഇന്നലെ വൈകിട്ട് ധരിച്ച് അമ്പിളിയുടെ മൃതദേഹം ഇന്ന് സംസ്കരിക്കും. 

ഇതിനിടെ, നെയ്യാറ്റിൻകരയിലെ ദമ്പതികളുടെ മരണത്തിൽ വിശദമായ അന്വേഷണവും കുറ്റക്കാർക്കെതിരെ നടപടിയും വേണമെന്ന് പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു. സർക്കാരും പ്രതിനിധികളും മനുഷ്യത്വപരമായി ജനങ്ങളോട് ഇടപെടണം. കുറച്ചുകൂടി കരുതലോടെ കൈകാര്യം ചെയ്തിരുന്നെങ്കിൽ ദുരന്തം ഒഴിവാക്കാമായിരുന്നു. രാജന്‍റെയും അമ്പിളിയുടെയും മക്കളുടെ സംരക്ഷണം സർക്കാർ ഏറ്റെടുക്കണം എന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

'സാറേ, നിങ്ങളാ അവരെ കൊന്നത്'..

അച്ഛന്‍റെ അവസാനത്തെ ആഗ്രഹം താമസിക്കുന്ന സ്ഥലത്തു തന്നെ അടക്കം ചെയ്യണമെന്നായിരുന്നു. ആ ആഗ്രഹം നിറവേറ്റാനാണ് പതിനേഴുകാരനായ മകൻ രഞ്ജിത്ത് അച്ഛനുവേണ്ടി കുഴിയെടുത്തത്. എന്നാൽ ഇതു തടസ്സപ്പെടുത്താൻ പൊലീസ് ശ്രമിച്ചെന്നും മകൻ പറയുന്നു.

''ഡാ നിർത്തെടാ'', എന്ന് പൊലീസ് പറയുന്ന ദൃശ്യങ്ങൾ കാണാം. ''സാറേ, എന്‍റെ അച്ഛന്‍റെയും അമ്മയെയും കൊന്നത് നിങ്ങളാ. ഇവിടെ ഒരു കുഴിയെടുക്കാനും പാടില്ലേ? ഇവിടെ അടക്കാനും പറ്റൂല്ലേ?'', തൊണ്ടയിടറി മകൻ ചോദിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.

ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന രാജനും ഭാര്യ അമ്പിളിയും ഇന്നലെയാണ് മരിച്ചത്. പെട്രോഴിച്ച് തീകൊളുത്തുമെന്ന് ഭീഷണിപ്പെടുത്തുന്നതിനിടെ പൊലീസ് കൈതട്ടിമാറ്റിയതാണ് പൊള്ളലേൽക്കാൻ കാരണമെന്ന് മക്കൾ നേരത്തേ ആരോപിച്ചിരുന്നു. പിന്നാലെയാണ് പൊലീസിനെതിരെ കൂടുതൽ ആരോപണങ്ങളുമായി  അവർ രംഗത്തെത്തിയിരിക്കുന്നത്.

ഉച്ച തിരിഞ്ഞ് ഹൈക്കോടതിയിൽ നൽകിയ അപ്പീലിൽ സ്റ്റേ ഓർഡർ വരുമെന്നറിഞ്ഞാണ്, പൊലീസ് നേരത്തേ എത്തി ഒഴിപ്പിക്കാൻ നോക്കിയതെന്ന് മകൻ രഞ്ജിത്ത് പറഞ്ഞു. 

കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഭൂമി ഒഴിപ്പിക്കലിനെതിരെ പ്രതിഷേധിക്കുന്നതിനിടെ രാജനും അമ്പിളിക്കും പൊള്ളലേറ്റത്. രാജൻ ഭൂമി കൈയേറിയെന്ന അയൽവാസിയായ വസന്തയുടെ ഹ‍ർജിയിൽ ഈ മാസം 22-ന് ഭൂമി ഒഴിയണമെന്നായിരുന്നു നെയ്യാറ്റിൻകര മുൻസിഫ് കോടതിയുടെ ഉത്തരവ്.

രാജനെ ഒഴിപ്പിക്കാൻ പൊലീസും കോടതി ഉദ്യോഗസ്ഥരും എത്തിയപ്പോഴാണ് ആത്മഹത്യാഭീഷണി. മൂന്നു സെന്‍റ് ഭൂമിയിൽ ഷെഡ് കെട്ടി താമസിക്കുന്ന രാജൻ ഭാര്യയുമൊത്ത് ശരീരത്തിൽ പെട്രോളൊഴിച്ച് ഭീഷണി മുഴക്കുകയായിരുന്നു. ഇതിനിടെയാണ് തീ പടർന്നത്.

രാജന്‍റെ മൃതദേഹം ഇന്നലെ വീട്ടുവളപ്പിൽത്തന്നെ മക്കൾ സംസ്കരിച്ചു. 


أحدث أقدم