തിരുവനന്തപുരം: ബുറേവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് വെള്ളപ്പൊക്ക സാധ്യത. തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് കേന്ദ്രജലക്കമ്മിഷൻ മുന്നറിയിപ്പ് നൽകിയത്. തെക്കൻ കേരളത്തിലൂടെ ചുഴലിക്കാറ്റ് കടന്നുപോകുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു.
തിരുവനന്തപുരത്തെ നെയ്യാറ്റിൻകര മേഖലയിലൂടെ ചുഴലിക്കാറ്റ് കടന്നുപോകും. തെക്കൻ ജില്ലകളിലെ 48 വില്ലേജുകൾക്ക് അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ചുഴലിക്കാറ്റ് വ്യാഴാഴ്ച കന്യാകുമാരിയിലെത്തും. വെള്ളിയാഴ്ച പുലര്‍ച്ചയോടെ ചുഴലിക്കാറ്റ് കേരളാതീരത്തെത്തുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തല്‍.
ചുഴലിക്കാറ്റ് മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും ശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ശക്തമായ കടല്‍ക്ഷോഭത്തിനും സാധ്യതയുണ്ട്.
സംസ്ഥാനത്തെ വിവിധ വകുപ്പുകളോട് ഏത് അടിയന്തര സാഹചര്യത്തെയും നേരിടാൻ സജ്ജമായിരിക്കാൻ നിർദേശിച്ചിരിക്കുകയാണ്. ഇന്ന് വൈകിട്ടോടെ ശ്രീലങ്കൻ തീരം കടക്കുന്ന ചുഴലിക്കാറ്റിന്റെ തീവ്രത ഇനിയും വർധിക്കാനുള്ള സാധ്യതയുണ്ട്.
റവന്യൂ, പോലീസ്, അഗ്നിരക്ഷാ സേന, ഫിഷറീസ് വകുപ്പ്, ജലസേചന വകുപ്പ്, വൈദ്യുതി വകുപ്പ്, തദ്ദേശസ്ഥാപനങ്ങള്‍ എന്നിവര്‍ ആവശ്യമായ തയ്യാറെടുപ്പുകള്‍ നടത്താൻ നിർദേശിച്ചിട്ടുണ്ട്. കേരള തീരത്ത് നിന്ന് കടലില്‍ പോകുന്നതിന് പൂര്‍ണ്ണ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
നിലവില്‍ മത്സ്യബന്ധനത്തിന് കടലില്‍ പോയിട്ടുള്ളവര്‍ എത്രയും പെട്ടെന്ന് അടുത്തുള്ള സുരക്ഷിത തീരത്തേക്ക്എത്തണമെന്ന മുന്നറിയിപ്പ് ഫിഷറീസ് വകുപ്പും കോസ്റ്റല്‍ പോലീസും മത്സ്യതൊഴിലാളി സമൂഹത്തെ അറിയിക്കാൻ നിർദേശമുണ്ട്. ഇതിനായി മത്സ്യബന്ധന തുറമുഖങ്ങളിലും മത്സ്യബന്ധന ഗ്രാമങ്ങളിലും അനൗണ്‍സ്മെന്റ് ഉള്‍പ്പെടെയുള്ളവ നടത്തും.
ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, വെള്ളപ്പൊക്കം, കടലാക്രമണം തുടങ്ങിയ ദുരന്ത സാധ്യതാ മേഖലകളില്‍ ദുരിതാശ്വാസ ക്യാന്പുകൾ ഇന്നു തന്നെ പൂർത്തിയാക്കണം. ആവശ്യമായ ഘട്ടങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ആളുകളെ മുന്‍കൂട്ടി തന്നെ മാറ്റി താമസിപ്പിക്കണമെന്നും നിർദേശമുണ്ട്.
മഴ ശക്തിപ്പെടുകയാണെങ്കിൽ പശ്ചിമഘട്ട മലയോര മേഖലയിലേക്കുള്ള ഗതാഗതം വൈകീട്ട് ഏഴുമുതല്‍ രാവിലെ ഏഴുമണി വരെ നിയന്ത്രിക്കാനും തീരുമാനമുണ്ട്. ഇന്നു മുതൽ അഞ്ചുവരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഉച്ചക്ക് രണ്ടു മുതല്‍ രാത്രി പത്തുവരെയുള്ള സമയത്താണ് ഇടിമിന്നലിനുള്ള സാധ്യത കൂടുതല്‍. ചില സമയങ്ങളില്‍ രാത്രി വൈകിയും ഇടിമിന്നലുണ്ടാകാം. ഇത്തരം ഇടിമിന്നല്‍ അപകടകാരികളായതിനാല്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണം.