കൊച്ചി :കൊച്ചിയിലെ ഷോപ്പിംഗ് മാളില്‍വച്ച് അപമാനിക്കപ്പെട്ടെന്ന് യുവനടി. ഇന്നലെ വൈകുന്നേരം കുടുംബത്തോടൊപ്പം ഷോപ്പിംഗ് നടത്തുന്നതിനിടെയായിരുന്നു സംഭവം. പ്രതികരിക്കാനാകാതെ പോയതില്‍ ദുഃഖമുണ്ടെന്നും നടി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. രണ്ട് യുവാക്കള്‍ തന്നെ പിന്തുടര്‍ന്നു. ശരീരഭാഗത്ത് സ്പര്‍ശിച്ചുവെന്നും നടി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
ഷോപ്പിംഗ് മാളിലെ തിരക്കേറിയ സ്ഥലത്തായിരുന്നു സംഭവം. തിരക്കിനിടയിലൂടെ വന്ന യുവാക്കള്‍ ശരീര ഭാഗത്ത് സ്പര്‍ശിച്ചു. ആദ്യം അയാള്‍ക്ക് അറിയാതെ പറ്റിയതാണോ എന്ന് സംശയിച്ചു. എനിക്ക് പെട്ടെന്ന് പ്രതികരിക്കാനായില്ല. എന്റെ സഹോദരി എല്ലാം വ്യക്തമായി കണ്ടിരുന്നു. അവള്‍ എനിക്കരികില്‍ വന്ന് കുഴപ്പം ഒന്നും ഇല്ലല്ലോ എന്ന് ചോദിച്ചു.
എന്നാല്‍ ഊഹിക്കാന്‍ പോലുമാകാത്ത ഒരു കാര്യം നടന്നതിന്റെ ഞെട്ടലിലായിരുന്നു ഞാന്‍. അവര്‍ക്കരികിലേക്ക് ചെന്നപ്പോള്‍ അവര്‍ എന്നെ കണ്ടില്ലെന്ന് നടിച്ചു. അവര്‍ക്ക് കാര്യം മനസിലായെന്ന് എനിക്ക് ഉറപ്പായിരുന്നു. പിന്നീട് സാധനങ്ങള്‍ വാങ്ങിയതിന്റെ പണം അടയ്ക്കാന്‍ കൗണ്ടറില്‍ നില്‍ക്കുന്ന സമയത്തും അവര്‍ പിന്തുടര്‍ന്നെത്തി സംസാരിക്കാന്‍ ശ്രമിച്ചു. ഞാന്‍ ഏതൊക്കെ സിനിമയാണ് ചെയ്യുന്നതെന്നാണ് അവര്‍ക്ക് അറിയേണ്ടിയിരുന്നത്. എന്നാല്‍ ഞങ്ങള്‍ അവരോട് സ്വന്തം കാര്യം നോക്കി പോകാന്‍ പറഞ്ഞു.
ഈ സമയത്താണ് അമ്മ ഞങ്ങളുടെ അടുത്തേക്ക് വന്നത്. അതോടെ അവര്‍ അവിടെ നിന്ന് പോയി. ഈ കുറിപ്പ് എഴുതുമ്പോഴും അവരോട് ഒന്നും പറയാന്‍ പറ്റാതെ പോയതില്‍ വിഷമിക്കുന്നതായും നടി പറയുന്നു.