തിരുവനന്തപുരം : കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമ ഭേദഗതിക്കെതിരെ കേരളം പ്രമേയം പാസാക്കി. പ്രത്യേക നിയമസഭാ സമ്മേളനം ചേര്‍ന്നാണ് ഭരണ-പ്രതിപക്ഷ പിന്തുണയില്‍ പ്രമേയം പാസാക്കിയത്. സഭ സമ്മേളിക്കാനുണ്ടായ അടിയന്തര സാഹചര്യം സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ആമുഖത്തില്‍ വ്യക്തമാക്കി.
സമാനതകളില്ലാത്ത സാഹചര്യത്തിലാണ് സഭ സമ്മേളിക്കുന്നതെന്ന് സ്പീക്കര്‍ പറഞ്ഞു. തുടര്‍ന്ന് കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമ ഭേദഗതി റദ്ദാക്കണം എന്നാവശ്യപ്പെട്ടുള്ള പ്രമേയം മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ചു. പ്രതിപക്ഷം പ്രമേയത്തെ അനുകൂലിച്ചു. മൂന്ന് ഭേദഗതികള്‍ മുന്നോട്ടുവെച്ചെങ്കിലും അതിന്റെ ആദ്യഭാഗം മാത്രമാണ് അംഗീകരിച്ചത്. അതേസമയം, ബിജെപി അംഗം ഒ രാജഗോപാല്‍ പ്രമേയത്തെ എതിര്‍ത്ത് സംസാരിച്ചെങ്കിലും ശബ്ദവോട്ടില്‍പോലും എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നില്ല.