തിരുവനന്തപുരം: സംസ്ഥാനത്ത് ബിപിഎല്‍ കുടുംബങ്ങളിൽ നിന്നും പുതിയ വാട്ടര്‍ കണക്ഷനായി അപേക്ഷിക്കുന്നവർക്ക് ആധാറിന്റെ പകര്‍പ്പ് വാട്ടര്‍ അതോറിറ്റി നിര്‍ബന്ധമാക്കി. പ്രവര്‍ത്തനക്ഷമമായ മീറ്ററുകള്‍ ഉള്ള ബിപിഎല്‍ ഉപയോക്താക്കള്‍ക്ക് മാത്രമേ ആനുകൂല്യം ലഭിക്കുകയുള്ളൂ.
വാട്ടര്‍ അതോറിറ്റിയില്‍ നിലവില്‍ 15,000 ലിറ്ററില്‍ താഴെ പ്രതിമാസ ഉപഭോഗം ഉള്ള ബിപിഎല്‍ വിഭാഗത്തില്‍പെട്ട 2.05 ലക്ഷം ഉപയോക്താക്കള്‍ക്കു സൗജന്യമായാണ് ശുദ്ധജലം നല്‍കി വരുന്നത്.ആനുകൂല്യം ലഭിക്കുന്നതിന് എല്ലാ വര്‍ഷവും ജനുവരി 30നു മുന്‍പ് ഉപയോക്താക്കള്‍ അപേക്ഷകള്‍ പുതുക്കി നല്‍കണം. കോവിഡ് പശ്ചാത്തലത്തില്‍ നിലവില്‍ ആനുകൂല്യം ലഭിച്ചു കൊണ്ടിരിക്കുന്ന ഉപയോക്താക്കള്‍ക്ക് അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള തീയതി അടുത്ത വര്‍ഷം ജൂണ്‍ 30 വരെ നീട്ടിയതായും അധികൃതർ അറിയിക്കുന്നു .