സ്വപ്നയ്ക്ക് പിന്നാലെ 'സരിതക്കുരുക്കില്‍' സര്‍ക്കാര്‍; ഉന്നതര്‍ കുടുങ്ങുമെന്ന് സൂചന

തിരുവനന്തപുരം
സ്വര്‍ണക്കടത്തു കേസിലെ സ്വപ്നയെ തലയില്‍ നിന്നൂരാനുള്ള വഴികള്‍ കിട്ടാതെ വലയുന്ന ഇടതുമുന്നണിക്കു മറുവശത്തു വെല്ലുവിളി ഉയര്‍ത്തിക്കൊണ്ടു സോളര്‍ തട്ടിപ്പുകേസില്‍ ഉള്‍പ്പെട്ട സരിത എസ്.നായര്‍. ബവ്‌റിജസ് കോര്‍പറേഷനിലും കെടിഡിസിയിലും ജോലി വാഗ്ദാനം നല്‍കി ലക്ഷങ്ങള്‍ കോഴ വാങ്ങി വ്യാജനിയമന ഉത്തരവുകള്‍ നല്‍കിയ സരിതയെ സംരക്ഷിക്കാന്‍ പാടുപെടുകയാണു ഭരണകക്ഷിയിലെ ഉന്നതര്‍. സരിത നടത്തിയ തട്ടിപ്പുകള്‍ പുറത്തുവന്നാല്‍ സര്‍ക്കാരിലെ പല പ്രമുഖരും വെട്ടിലാകും. ബവ്‌കോയിലും കെടിഡിസിയിലും സരിതയ്ക്ക് അടുത്ത ബന്ധമുണ്ടെന്നാണു പരാതിക്കാരുടെ മൊഴികളില്‍നിന്നു വ്യക്തമാകുന്നത്. കൂടുതല്‍ അന്വേഷണത്തില്‍ മാത്രമേ സ്ഥാപനങ്ങള്‍ ഭരിക്കുന്നവര്‍ക്കു പങ്കാളിത്തം ഉണ്ടോയെന്നു കണ്ടെത്താനാകൂ. ഗൂഢാലോചന, വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ എന്നിവ നടത്തിയതിനു ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണു സരിതയ്‌ക്കെതിരെ കേസ് എടുത്തിരിക്കുന്നത്. അതിനാല്‍ സരിതയെ അറസ്റ്റ് ചെയ്യേണ്ടി വരും. ചോദ്യം ചെയ്യലില്‍ ജോലി തട്ടിപ്പിന്റെ വിശദാംശങ്ങള്‍ സരിത വെളിപ്പെടുത്തിയാല്‍ സര്‍ക്കാരിലെ പലരും കുടുങ്ങുമെന്നാണു വിലയിരുത്തല്‍. തട്ടിപ്പിനു വിധേയരായ 20ലേറെപ്പേരില്‍ ഭൂരിഭാഗവും ഡിവൈഎഫ്‌ഐക്കാരുമാണ്. പ്രതികളെ സംരക്ഷിക്കുന്നതിനു പാര്‍ട്ടിക്കുള്ളിലും നേതാക്കള്‍ക്കു മറുപടി പറയേണ്ടിവരും. സ്വര്‍ണക്കടത്തു കേസും അനുബന്ധ വിവാദങ്ങളും സിപിഎമ്മിന്റെ മാത്രം ബാധ്യതയാണെങ്കില്‍ സരിത കേസ് സിപിഐയെയും പിടികൂടിയിരിക്കുകയാണിപ്പോള്‍. സിപിഐ നേതാവ് ടി.രതീഷാണു ജോലി തട്ടിപ്പുകേസിലെ ഒന്നാംപ്രതി. സരിത രണ്ടാം പ്രതിയും ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായിരുന്ന ഷാജു പാലിയോട് മൂന്നാം പ്രതിയുമാണ്.
أحدث أقدم