കണ്ണൂർ : കണ്ണൂരിൽ പതിനാലുകാരനെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് ജീവപര്യന്തം ശിക്ഷ. പോക്‌സോ നിയമപ്രകാരം ജീവപര്യന്തം തടവും പിഴയുമാണ് കോടതി വിധിച്ചത്. കുടിയാന്മല ചെളിമ്പറമ്പ് സ്വദേശി താന്നിക്കൽ വീട്ടിൽ സുരേഷിനാണ് തളിപ്പറമ്പ് പോക്സോ കോടതി ജീവപര്യന്തം തടവും 60,000 രൂപ പിഴയും ശിക്ഷിച്ചത്. തളിപ്പറമ്പ് അതിവേഗ സ്‌പെഷൽ കോടതി ജഡ്ജി മുജീബ് റഹ്മാനാണ് ശിക്ഷ വിധിച്ചത്.
2015ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പീഡന കുറ്റത്തിന് പോക്‌സോ നിയമപ്രകാരം ജീവപര്യന്തം കഠിനതടവും 50,000രൂപ നഷ്ടപരിഹാരവും നൽകണം. നഷ്ടപരിഹാരം അടച്ചില്ലെങ്കിൽ ആറു മാസം തടവും അനുഭവിക്കണം.
ബീഡി കൊണ്ട് കുട്ടിയുടെ കൈവിരൽ പൊള്ളിച്ചതിന് 10വർഷം കഠിന തടവും പതിനായിരം രൂപ നഷ്ടപരിഹാരവും വിധിച്ചിട്ടുണ്ട്. നഷ്ടപരിഹാരം അടച്ചില്ലെങ്കിൽ മൂന്നു മാസം തടവും അനുഭവിക്കണം. നഷ്ടപരിഹാര തുക അടയ്ക്കുന്ന പക്ഷം അത് പീഡനത്തിനിരയായ കുട്ടിക്ക് നൽകാനാണ് വിധി.