ന്യൂഡൽഹി: നേമം ഉൾപ്പെടെ തർക്കമുള്ള കോൺഗ്രസിന്‍റെ 10 മണ്ഡലങ്ങളിൽ സ്ഥാനാർഥികളെ തീരുമാനിക്കാനുള്ള ചർച്ചകൾ ഇന്നും ദൽഹിയിൽ തുടരും. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ സംസ്ഥാന ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറുമായി കൂടിക്കാഴ്ച നടത്തും.
ഉമ്മൻ ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കേരളത്തിൽ നിന്ന് ചർച്ചയിൽ പങ്കാളികളാകും. ഇരുവരും ഇന്നലത്തെ ചർച്ചകൾക്ക് ശേഷം നാട്ടിലേക്ക് മടങ്ങിയിരുന്നു.
നാളെയാണ് കോൺഗ്രസ് സ്ഥാനാർത്ഥിപ്പട്ടിക പ്രഖ്യാപിക്കുകയെന്ന് ഇന്നലെ സോണിയാ ഗാന്ധി അടക്കമുള്ളവരുമായും സ്ക്രീനിംഗ് കമ്മിറ്റി അംഗങ്ങളുമായുമുള്ള ചർച്ചകൾക്ക് ശേഷം കെപിസിസി അധ്യക്ഷൻ വ്യക്തമാക്കിയിരുന്നു.
നേമത്തെ സ്ഥാനാർഥി ആരാകുമെന്നതിൽ ഇപ്പോഴും സസ്‌പെൻസ് തുടരുകയാണ്. ഉമ്മൻ ചാണ്ടിയും, ചെന്നിത്തലയും സിറ്റിംഗ് മണ്ഡലങ്ങളിൽ മത്സരിക്കുമെന്ന് തന്നെയാണ് ഇപ്പോഴുമുള്ള ധാരണ. തീരുമാനമാകാത്ത 10 മണ്ഡലങ്ങളിൽ ഇപ്പോൾ ഹരിപ്പാടും പുതുപ്പള്ളിയുമില്ല. 10 മണ്ഡലങ്ങളിൽ ചർച്ച തുടരുമ്പോൾ 81 മണ്ഡലങ്ങളിൽ ചില മാറ്റങ്ങൾ വന്നേക്കാനുള്ള സാധ്യത ഇനിയും തള്ളിക്കളയാനുമാവില്ല.