സിനിമ മേഖലയ്ക്ക് മാത്രം സംസ്ഥാന സര്‍ക്കാര്‍ ഇളവുകളും അനുവാദങ്ങളും നല്‍കുന്നു. എന്നാല്‍ നാടകക്കാരെ തഴയുകയാണെന്ന് നടന്‍ ഹരീഷ് പേരടി. കഴിഞ്ഞ ദിവസം സെക്കന്റ് ഷോക്ക് അനുമതി നല്‍കിക്കൊണ്ടുള്ള ഉത്തരവ് ഇറക്കിയതിന് പിന്നാലെയാണ് താരം പ്രതികരണവുമായി രംഗത്തെത്തിയത്. ഇത്തരത്തില്‍ നാടകക്കാരോട് വിവേചനം കാട്ടുന്ന ഇടതുപക്ഷ സര്‍ക്കാരിനോടുള്ള തന്റെ എല്ലാ പിന്തുണയും പിന്‍വലിക്കുകയാണെന്നും ഹരീഷ് വ്യക്തമാക്കി. തന്റെ ഫേസ്ബുക്ക് പേജിലാണ് താരം ഇക്കാര്യം കുറിച്ചത്.
ഇടത്പക്ഷ സര്‍ക്കാരിനെ ശക്തമായി പിന്തുണച്ചിരുന്ന നടനായിരുന്നു ഹരീഷ് പേരടി. വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സര്‍ക്കാരിന് വിജയമുണ്ടാകുമെന്നും തുടര്‍ ഭരണമുണ്ടാകുമെന്നും ഒരു സ്വകാര്യ ചാനലിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞിരുന്നു.
ഈ വലിയ മഹാമാരി കാലത്തും പട്ടിണിക്കിടാതെ കൊണ്ടുപോയ ഒരു ജനകീയ സര്‍ക്കാരാണ്. അത് അവര്‍ തെളിയിച്ച കാര്യമാണ്. എത്രയൊക്കെ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടും അതില്‍ യാതൊരു പുരോഗതിയും ഇല്ലാതെ ആരോപണങ്ങള്‍ മാത്രമായി നില്‍ക്കുകയും സര്‍ക്കാര്‍ ജനക്ഷേമ പ്രവത്തനങ്ങളുമായി പടികേറി പോവുകയും ചെയ്യുന്നു എന്നതാണ് യാഥാര്‍ഥ്യം ഹരീഷ് പറഞ്ഞു.
ഇടതുപക്ഷത്തിന്റെ തുടര്‍ഭരണം അത് കേരളത്തില്‍ ഉള്ളവര്‍ മാത്രമല്ല കേരളത്തിന് പുറത്തുള്ളവരും പോലും ആഗ്രഹിക്കുന്നുണ്ടെന്ന് ഹരീഷ് പേരടി പറയുകയുണ്ടായി. പ്രകടന പട്ടികയിലുള്ള ഏത് കാര്യമാണ് സര്‍ക്കാര്‍ ഇനി നിറവേറ്റാനുള്ളതെന്നും അദ്ദേഹം ചോദിച്ചിരുന്നു.
‘ആരോപണങ്ങള്‍ വെറും ആരെയോ പണങ്ങള്‍ ആയിമാറി. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്‍പ് മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങള്‍ തിരുത്തുന്നു, ഷൈലജ ടീച്ചര്‍ തിരുത്തുന്നു എന്നിങ്ങനെയുള്ള ആരോപണങ്ങള്‍ നിന്നിരുന്നു. എന്നാല്‍ ആരോപണങ്ങള്‍ ഉന്നയിച്ചവരുടെ പ്രതീക്ഷയ്ക്ക് വിപരീതമായിരുന്നു ജനങ്ങള്‍ നല്‍കിയ റിസള്‍ട്ട്’, സര്‍ക്കാര്‍ നേരിടുന്ന ആരോപണങ്ങളെക്കുറിച്ച് ഹരീഷ് നല്‍കുന്ന മറുപടി ഇങ്ങനെ. അടുത്ത തെരഞ്ഞെടുപ്പിലെ റിസള്‍ട്ട് നോക്കികൊള്ളൂ നമ്മളൊക്കെ ഇവിടെ തന്നെ ഉണ്ടാകുമല്ലോ എന്നും ഹരീഷ് വ്യക്തമാക്കിയിരുന്നു.
അതേസമയം മാര്‍ച്ച് 8നായിരുന്നു കേരളത്തിലെ തിയറ്ററുകളില്‍ സര്‍ക്കാര്‍ സെക്കന്റ് ഷോക്ക് അനുമതി നല്‍കിയത്. ഫിലിം ചേംബറിന്റെ നേതൃത്വത്തില്‍ ചീഫ് സെക്രട്ടറിയുമായി നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലായിരുന്നു തീരുമാനം. നിര്‍മ്മാതാക്കളുടെ സംഘടനയും വിതരണക്കാരുടെ സംഘടനയും തിയേറ്റര്‍ ഉടമകളുടെ സംഘടനയും ഒത്തുചേര്‍ന്ന് ചീഫ് സെക്രട്ടറിയുമായി ചര്‍ച്ച നടത്തിയത്. ആ ചര്‍ച്ചയ്‌ക്കൊടുവില്‍ ഉചിതമായ പരിഹാരം ഉണ്ടാകുമെന്ന് ചീഫ് സെക്രട്ടറി ഉറപ്പു നല്‍കുകയും ചെയ്തിരുന്നു.
സെക്കന്റ് ഷോയ്ക്ക് പുറമെ നിരവധി ആവശ്യങ്ങള്‍ സംഘടന നേതാക്കള്‍ ചീഫ് സെക്രെട്ടറിക്ക് മുന്‍പില്‍ അവതരിപ്പിച്ചിരുന്നു. മാര്‍ച്ച് 31വരെ അനുവദിച്ചിരിക്കുന്ന വിനോദ നികുതി ഇളവുകള്‍ ഏപ്രില്‍ അവസാനം വരെ നീട്ടണമെന്നും വൈദ്യുതി ഇളവുകളും ആവശ്യപ്പെട്ടിരുന്നു.