ലഖ്നൗ: പതിനേഴ് വയസ്സുള്ള മകളെ കഴുത്തറുത്ത് കൊന്ന പിതാവ് മകളുടെ തലയുമായി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ഉത്തർപ്രദേശിലെ ഹർദോയി ജില്ലയിൽ ബുധനാഴ്ച്ച രാവിലെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.
മകളുടെ തലയുമായി പട്ടാപ്പകൽ പിതാവ് പൊലീസ് സ്റ്റേഷനിലേക്ക് നടന്നു പോകുകയായിരുന്നു. സർവേഷ് കുമാർ എന്നയാളാണ് ലഖ്നൗവിൽ നിന്നും 200 കിലോമീറ്റർ അകലെയുള്ള പണ്ഡേതറ ഗ്രാമത്തിൽ മകളുടെ തലയുമായി നടന്ന് പൊലീസ് സ്റ്റേഷനിൽ എത്തിയത്.
സർവേഷ് കുമാർ പൊലീസ് സ്റ്റേഷനിലേക്ക് നടക്കുന്നതിന്റെ ദൃശ്യങ്ങൾ ചിലർ മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തു. വീഡിയോയിൽ പേരും സ്ഥലവും ചോദിക്കുന്നതും ഇയാൾ ശാന്തനായി ഇതിന് മറുപടി നൽകുന്നതും വ്യക്തമാണ്.
മകൾക്ക് മറ്റൊരാളുമായുള്ള പ്രണയമാണ് കൊലപാതകത്തിന് കാരണമെന്നും മൂർച്ചയുള്ള ആയുധമുപയോഗിച്ച് കഴുത്തറുത്ത് കൊല്ലുകയായിരുന്നുവെന്നും ഇയാൾ പറയുന്നുണ്ട്. താൻ തന്നെയാണ് കൊലപാതകം നടത്തിയതെന്നും മറ്റാർക്കും ഇതിൽ പങ്കില്ലെന്നും സർവേഷ് കുമാർ പറയുന്നു.
മകളെ മുറിയിൽ പൂട്ടിയിട്ട് കൊലപ്പെടുത്തുകയായിരുന്നുവെന്നും മൃതദേഹം മുറിയിൽ ഉണ്ടെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു. തല താഴെ വെച്ച് റോഡിൽ ഇരിക്കാൻ പൊലീസ് ആവശ്യപ്പെട്ടപ്പോൾ എതിർക്കാതെ ഇയാൾ അതും സമ്മതിച്ചു.