കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടര്‍പട്ടികയില്‍ പേരുകള്‍ വ്യാജമായി ചേര്‍ത്തതു നീക്കണമെന്നും കുറ്റക്കാര്‍ക്കെതിരേ നടപടി വേണമെന്നുമാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്കിയ ഹര്‍ജിയിൽ ഹൈക്കോടതി ബുധനാഴ്ച വിധി പ്രസ്താവിക്കും. വോട്ടര്‍ പട്ടികയില്‍ പിഴവുണ്ടെന്നു വ്യക്തമാണെന്നും ആരും ഇരട്ട വോട്ട് ചെയ്യുന്നില്ലെന്നു തെരഞ്ഞെടുപ്പു കമ്മീഷൻ ഉറപ്പാക്കണമെന്നും ഹൈക്കോടതി നിർദേശിച്ചിരുന്നു.
38,586 ഇരട്ട വോട്ടുകളാണുള്ളതെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണ്ടെത്തൽ. ബിഎൽഒമാരുടെ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. ഇരട്ട വോട്ടുള്ളവരുടെ വിശദാംശങ്ങൾ ബിഎൽഒമാർ പ്രിസൈഡിംഗ് ഓഫീസര്‍മാർക്ക് കൈമാറും. തെരഞ്ഞെടുപ്പ് സംശുദ്ധി കാത്ത് സൂക്ഷിക്കാൻ കമ്മീഷന് ബാധ്യതയുണ്ടെന്നും നിഷ്പക്ഷമായി തെരഞ്ഞെടുപ്പ് നടത്തുമെന്നും വ്യക്തമാക്കിയ തെരഞ്ഞെടുപ്പ് കമ്മിഷൻ വോട്ടർ പട്ടികയിൽ ഇനി മാറ്റം സാധ്യമല്ലെന്നും കോടതിയെ അറിയിച്ചു.
ഇരട്ടവോട്ട് തടയാൻ പ്രതിപക്ഷ നേതാവും മാർഗ നിർദ്ദേശങ്ങൾ ഹൈക്കോടതിക്ക് സമർപ്പിച്ചിരുന്നു. നാലിന മാർഗ നിർദേശങ്ങളാണ് അദ്ദേഹം ഹൈക്കോടതിയുടെ മുന്നിൽ വച്ചത്. ഒന്നിലധികം വോട്ടുള്ളവർ ഏത് ബൂത്തിൽ ആണ് വോട്ട് ചെയ്യാൻ ഉദ്ദേശിക്കുന്നതെന്ന് ബിഎൽഒമാർ മുൻകൂർ രേഖാമൂലം എഴുതി വാങ്ങണം .ഇതിന്റെ വിശദാംശങ്ങൾ ബന്ധപ്പെട്ട എല്ലാ പ്രിസൈഡിംഗ് ഓഫീസർമാർക്കും തെരഞ്ഞെടുപ്പിന് മുൻപേ കൈമാറണം.
ഇരട്ടവോട്ട് ഉള്ളവർ വോട്ട് രേഖപ്പെടുത്തിയ ശേഷം ഇവരുടെ ഫോട്ടോ എടുത്തു തെരഞ്ഞെടുപ്പ് കമ്മീഷൻ സെർവറിൽ അപ്ലോഡ് ചെയ്യണം. തെരഞ്ഞെടുപ്പിനുശേഷം ഇരട്ടവോട്ട് നടന്നിട്ടില്ല എന്ന് ഉറപ്പാക്കാൻ വോട്ടർമാരുടെ ഫോട്ടോകൾ സോഫ്റ്റ്വെയറിന്റെ സഹായത്തോടെ പരിശോധിക്കണമെന്നും എന്നീ നിർദേശങ്ങളാണ് നിർദേശമാണ് പ്രതിപക്ഷ നേതാവ് ഹൈക്കോടതിയെ അറിയിച്ചത്.
വോട്ടര്‍പട്ടികയില്‍ 3.24 ലക്ഷം ഇരട്ടവോട്ടുകളും 1.09 ലക്ഷം വ്യാജവോട്ടുകളും ഉള്‍പ്പെട്ടിട്ടുണ്ടെന്നാരോപിച്ചാണ് ചെന്നിത്തല ഹര്‍ജി നല്‍കിയത്.