രണ്ടുവയസുകാരിയെ കിണറ്റിലെറിഞ്ഞു കൊന്ന മാതാപിതാക്കളും മുത്തശ്ശിമാരും അറസ്റ്റിൽ




ബംഗളൂരുവിൽ കാലിന് സ്വാധീനമില്ലാത്ത സംസാരശേഷി ലഭിച്ചിട്ടില്ലാത്ത രണ്ടുവയസുകാരിയെ മാതാപിതാക്കളും മുത്തശ്ശിമാരും ചേർന്ന് കിണറ്റിലെറിഞ്ഞു കൊന്നു. കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ മുത്തശ്ശിമാരെയും ആസൂത്രണത്തിൽ പങ്കാളികളായ കുഞ്ഞിന്‍റെ മാതാപിതാക്കളെയും പൊലീസ് അറസ്​റ്റ് ചെയ്തു. കുഞ്ഞിനെ ചികിത്സിക്കാനും പരിചരിക്കാനും കഴിയാത്തതിനാലാണ് കൊലപ്പെടുത്തിയതെന്നാണ് പിതാവിന്റെ കുറ്റസമ്മതം.

കനകപുരയിലെ സാത്തന്നൂർ ഗ്രാമത്തിൽ ബുധനാഴ്ചയാണ് നാടിനെ നടുക്കിയ അതിദാരുണമായ കൊലപാതകം നടന്നത്. കെമിക്കൽ ഫാക്ടറി ജീവനക്കാരായ ബി. ശങ്കരയുടെയും മാനസയുടെയും മകൾ മഹാദേവിയാണ് (2) കൊല്ലപ്പെട്ടത്. പൊലീസ് അന്വേഷണത്തിൽ കുഞ്ഞിന്‍റെ മാതാവിന്റെയും പിതാവിന്റെയും അറിവോടുകൂടി മുത്തശ്ശിയും മുതുമുത്തശ്ശിയും ചേർന്നാണ് കിണറ്റിലെറിഞ്ഞ് കൊന്നതെന്ന് കണ്ടെത്തി. കുഞ്ഞിന്റെ മാതാവ് മാനസ (22), പിതാവ് ശങ്കര (26), മാനസയുടെ മാതാവ് ജയരത്‌നമ്മ ( 50), ജയരത്‌നമ്മയുടെ മാതാവ് ഭദ്രമ്മ ( 75) എന്നിവരാണ് അറസ്​റ്റിലായത്.

ജന്മനാ കാലിന് സ്വാധീനമില്ലാത്ത കുഞ്ഞിന്റെ ചികിത്സക്കായി മാസം 10,000 രൂപയോളം ചെലവുണ്ടെന്നും ഇത് താങ്ങാന്‍ കഴിയാത്തതുകൊണ്ടാണ് കുഞ്ഞിനെ കൊന്നതെന്നുമാണ് മൊഴി. വ്യാഴാഴ്ചയാണ് ഗ്രാമത്തിലെ ഫാമിനോട് ചേര്‍ന്ന കിണറില്‍ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. കുഞ്ഞിനെ അജ്ഞാതർ തട്ടിക്കൊണ്ടുപോയതാണെന്നായിരുന്നു കുടുംബാംഗങ്ങൾ ആദ്യം പൊലീസിനോട് പറഞ്ഞിരുന്നത്.
أحدث أقدم