പൊന്നാനിയിൽ പ്രതിഷേധം;ബ്രാഞ്ച് സെക്രട്ടറിമാര്‍ ഉള്‍പ്പെടെ നിരവധി പാര്‍ട്ടി അംഗങ്ങള്‍ രാജിവെച്ചു.


 
മലപ്പുറം : നിയമസഭാ തിരഞ്ഞെടുപ്പില്‍ പൊന്നാനിയില്‍ പി നന്ദകുമാറിനെ സിപിഎം സ്ഥാനാര്‍ത്ഥിയാക്കാനുള്ള തീരുമാനത്തിനെതിരെ പാര്‍ട്ടിയില്‍ പ്രതിഷേധം ശക്തം. സിപിഎം ബ്രാഞ്ച് സെക്രട്ടറിമാര്‍ ഉള്‍പ്പെടെ നിരവധി പാര്‍ട്ടി അംഗങ്ങള്‍ രാജിവെച്ചു. സിഐടിയു നേതാവ് പി നന്ദകുമാറിനെ പൊന്നാനിയില്‍ സ്ഥാനാര്‍ത്ഥി ആക്കിയതിനെതിരെയാണ് പ്രതിഷേധം. പൊന്നാനിക്കാരനും സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗവുമായ ടി എം സിദ്ധിഖിനെ സ്ഥാനാര്‍ത്ഥി ആക്കണമെന്നാണ് പ്രവര്‍ത്തകരുടെ ആവശ്യം. 

പൊന്നാനി ലോക്കല്‍ കമ്മിറ്റിയിലെ മുറിഞ്ഞഴി ബ്രാഞ്ച് സെക്രട്ടറി ടി കെ മഷ്ഹൂദ്, ലോക്കല്‍ കമ്മിറ്റിയംഗം എം നവാസ്, എരമംഗലം ലോക്കല്‍ കമ്മിറ്റിയിലെ നാക്കോല ബ്രാഞ്ച് സെക്രട്ടറിയും ലോക്കല്‍ കമ്മിറ്റിയംഗവുമായ നവാസ് നാക്കോല, താഴത്തേല്‍പടി ബ്രാഞ്ച് സെക്രട്ടറി അനിരുദ്ധന്‍ കുവ്വക്കാട്ട്, ലോക്കല്‍ കമ്മിറ്റിയംഗങ്ങളായ പി അശോകന്‍, ബിജു കോതമുക്ക്, വെളിയങ്കോട് ലോക്കല്‍ കമ്മിറ്റിയിലെ പത്തുമുറി ബ്രാഞ്ച് സെക്രട്ടറി എം എം ബാദുഷ, തണ്ണിത്തുറ ബ്രാഞ്ച് സെക്രട്ടറി വി എം റാഫി തുടങ്ങിയവരാണ് നേതൃത്വത്തിന് രാജിക്കത്ത് നല്‍കിയത്. അതേസമയം പ്രതിഷേധക്കാരെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ പാര്‍ട്ടി നേതൃത്വം ആരംഭിച്ചിട്ടുണ്ട്.
أحدث أقدم