കോട്ടയം: കിഫ്ബിക്കെതിരെ ഇഡി കേസെടുത്തതോടെ സംസ്ഥാന സർക്കാരും ധനമന്ത്രി തോമസ് ഐസക്കും സി.എ.ജിയെ എതിർത്തത് എന്തിനാണെന്ന് ജനങ്ങൾക്ക് ബോധ്യമായതായി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. സംസ്ഥാന സർക്കാർ എല്ലാ നിയമങ്ങളും ലംഘിക്കുന്നതിൻ്റെ ഉദ്ദാഹരണമാണ് കിഫ്ബിക്കെതിരായ കേസെന്നും കോട്ടയത്ത് വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
കുറഞ്ഞ പലിശയ്ക്ക് ആഭ്യന്തര വായ്പ്പ ലഭിക്കുമെന്നിരിക്കെയാണ് കൂടുതൽ പലിശയ്ക്ക് വിദേശത്ത് നിന്നും കടമെടുക്കുന്നത് അഴിമതിക്കാണ്. സർക്കാരിൻ്റെ പദ്ധതികളെല്ലാം നിയമവിധേയമല്ലാതെ നടത്തണമെന്നാണ് ഐസക്ക് ആഗ്രഹിക്കുന്നത്. അതുകൊണ്ടാണ് സി.എ.ജി റിപ്പോർട്ടിനെ അദ്ദേഹം എതിർത്തത്.
ആഴക്കടൽ മത്സ്യബന്ധന കരാറിന്റെ കാര്യത്തിലും ഫിഷറീസ് മന്ത്രിയും മുഖ്യമന്ത്രിയും ഒളിച്ചുകളിക്കുകയാണ്. അഴിമതികൾ പുറത്തു വരുമ്പോൾ ഞങ്ങൾക്ക് ഒന്നും അറിയില്ല എന്നും പറഞ്ഞ് കൈകഴുകുകയാണ് സർക്കാർ. സ്വർണ്ണക്കടത്തിലും സ്പ്രിംഗ്ളറിലും ഇത് തന്നെയാണ് കണ്ടത്. കോൺഗ്രസിന് ഇതൊന്നും ചൂണ്ടിക്കാണിക്കാനാവുന്നില്ല. ഉമ്മൻചാണ്ടിക്ക് അഴിമതിക്കെതിരെ ശബ്ദമുയർത്താനുള്ള ധാർമികത ഇല്ല.
നരേന്ദ്രമോദിയെ സർക്കാർ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മുന്നോക്ക സമുദായ അംഗങ്ങൾക്ക് 10% സംവരണം ഏർപ്പെടുത്തിയതിനെതിരെ യുഡിഎഫിലെ പ്രധാന കക്ഷിയായ മുസ്ലിം ലീഗ് എന്തിനാണ് സമരം ചെയ്തതെന്ന് ഉമ്മൻചാണ്ടി വ്യക്തമാക്കണം. കോൺഗ്രസിൻ്റെ അനുമതിയോടെയാണോ ലീഗ് മുസ്ലിം സംഘടനകളെ വിളിച്ച് യോഗം നടത്തിയത്? ലീഗിനെ തള്ളി പറയാൻ ഉമ്മൻചാണ്ടി തയ്യാറാണോ? മുസ്ലിംലീഗിന്റെ നിലപാടിനോട് യോജിക്കാൻ ഉമ്മൻ ചാണ്ടി തയ്യാറുണ്ടോ?
ക്രൈസ്തവ സഭകൾക്ക് അർഹതപ്പെട്ട ആനുകൂല്യങ്ങൾ ലഭിക്കുന്നില്ലെന്ന് അവർ പറയുന്നു. ന്യൂനപക്ഷ ആനുകൂല്ല്യങ്ങളുടെ 20 ശതമാനം മാത്രമാണ് കേരളത്തിൽ അവർക്ക് ലഭിക്കുന്നത്. കേരള സർക്കാരിന്റെ ഈ സാമൂഹ്യനീതി നിഷേധത്തിനെതിരെ എന്താണ് ഉമ്മൻ ചാണ്ടിയുടെ നിലപാട്? ഹിന്ദു,ക്രിസ്ത്യൻ പെൺകുട്ടികളെ പ്രണയം നടിച്ച് മതംമാറ്റുന്ന ലൗജിഹാദിൻ്റെ കാര്യത്തിലും ഉമ്മൻചാണ്ടി നിലപാട് വ്യക്തമാക്കണമെന്ന് സുരേന്ദ്രൻ ആവശ്യപ്പെട്ടു.
കോൺഗ്രസിനകത്ത് മതത്തിന്റെ പേരിലുള്ള സംവരണ സീറ്റുകളാണുള്ളത്. ഭൂരിപക്ഷ സമുദായാംഗങ്ങൾ അവഗണിക്കപ്പെടുകയാണ്. ജിഹാദി കോൺഗ്രസ് എന്നൊരു പുതിയ ഗ്രൂപ്പ് കോൺഗ്രസിൽ രൂപീകരിക്കപ്പെട്ടെന്നാണ് ആ പാർട്ടിയിലെ നേതാക്കൾ തന്നെ പറയുന്നത്. കോൺഗ്രസിൽ അവഗണിക്കപ്പെട്ട ഭൂരിപക്ഷ സമുദായത്തിൽ പെട്ട നേതാക്കളുടെ പ്രശ്നങ്ങൾ പ്രസക്തമാണെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.