പത്തനംതിട്ട: ചെങ്ങന്നൂരില്‍ ബിജെപി തനിക്ക് സീറ്റ് നിഷേധിച്ചതിന് പിന്നില്‍ സിപിഐഎമ്മെന്ന് ആര്‍എസ്എസ് സൈദ്ധാന്തികനും ഓര്‍ഗനൈസര്‍ പത്രാധിപരുമായ ആര്‍ ബാലശങ്കര്‍. ചെങ്ങന്നൂരും ആറന്മുളയും സിപിഐഎമ്മിന്റെ വിജയം ഉറപ്പാക്കുന്നതിന് കോന്നിയില്‍ പ്രത്യുപകാരം ചെയ്യാമെന്നായിരിക്കാം ഡീല്‍ എന്നും ബാലശങ്കര്‍ തിരിച്ചടിച്ചു. സംസ്ഥാനത്തെ ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ നടത്തിയതായും മാതൃഭൂമി ഡോട്ട്‌കോം പ്രസിദ്ധീകരിച്ച അഭിമുഖത്തില്‍ ഉണ്ട്.
‘ബിജെപിയുടെ 40 എ ക്ലാസ് മണ്ഡലങ്ങളില്‍ രണ്ടെണ്ണമാണ് ആറന്മുളയും ചെങ്ങന്നൂരും. ഈ രണ്ടിടങ്ങളിലെയും വിജയ സാധ്യതയാണ് ഇപ്പോള്‍ കളഞ്ഞുകുളിച്ചിരിക്കുന്നത്. ഇവിടെ രണ്ടിടത്തും സിപിഐഎമ്മിന് വിജയം ഉറപ്പാക്കുന്നത് കോന്നിയിലെ വിജയം ലക്ഷ്യമിട്ടാണ്’, ബാലശങ്കര്‍ പറഞ്ഞു.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനത്ത് വന്ന സ്ഥാനാര്‍ത്ഥിയെ എന്തിനാണ് ഇപ്പോള്‍ കോന്നിയില്‍ മത്സരിപ്പിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. ബിജെപി സംസ്ഥാനാധ്യക്ഷന്‍ കെ സുരേന്ദ്രനാണ് കോന്നിയിലെ സ്ഥാനാര്‍ത്ഥി. ‘അദ്ദേഹം വീണ്ടും മത്സരിക്കേണ്ട കാര്യമില്ലല്ലോ. ഇതിന്റെയൊപ്പം മഞ്ചേശ്വരത്തും മത്സരിക്കുന്നുണ്ട്. പ്രായോഗികമായി പ്രചരണം നടത്തുക പോലും വിഷമകരമാണ്. ഹെലികോപ്ടറെടുത്ത് പ്രചരണം നടത്തുമെന്നാണ് പറയുന്നത്. മുഖ്യമന്ത്രിയുടെ ഹെലികോപ്ടര്‍ യാത്ര ചോദ്യം ചെയ്ത രാഷ്ട്രീയ നേതാവാണ് രണ്ട് മണ്ഡലത്തില്‍ നില്‍ക്കാനായി ഹെലികോപ്ടര്‍ വാടകയ്‌ക്കെടുക്കുന്നത്’, ബാലശങ്കര്‍ വിമര്‍ശിച്ചു.
കെ സുരേന്ദ്രന്‍ ജനകീയനായ നേതാവല്ലെന്നും മത്സരിച്ച സ്ഥലങ്ങളിലെല്ലാം തോറ്റ സ്ഥാനാര്‍ത്ഥിയാണെന്നും ബാലശങ്കര്‍ പരിഹസിച്ചു. ‘പിന്നെ, അങ്ങിനെ ജനകീയനായ നേതാവാണെങ്കില്‍ മനസിലാക്കാം. മത്സരിച്ച എല്ലാ സ്ഥലത്തും തോറ്റ സ്ഥാനാര്‍ത്ഥിയാണ്. നരേന്ദ്രമോദിയൊന്നുമല്ലല്ലോ മത്സരിക്കുന്നത്. ബിജെപിയെ നശിപ്പിക്കാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുന്ന നേതൃത്വമാണിത്’, അദ്ദേഹം കുറ്റപ്പെടുത്തി.
താന്‍ സ്ഥാനാര്‍ത്ഥിയാവുന്നതില്‍ നരേന്ദ്രമോദിക്കും അമിത് ഷായ്ക്കും പൂര്‍ണ പിന്തുണയുണ്ടായിരുന്നു. ചെങ്ങന്നൂരില്‍ മത്സരിച്ചാല്‍ വിജയിക്കുമെന്ന് ഉറപ്പായിരുന്നു. അവിടുത്തെ സിപിഐഎം സ്ഥാനാര്‍ത്ഥിയോട് ചോദിച്ചാല്‍ അത് വ്യക്തമാവും. താന്‍ മത്സരരംഗത്തില്ലെന്ന് അറിഞ്ഞതോടെ അദ്ദേഹത്തിന് വലിയ ആശ്വാസമായി. ആറന്മുളയില്‍ വീണ ജോര്‍ജും വലിയ ആശ്വാസത്തിലാണെന്നും ബാലശങ്കര്‍ തുറന്നടിച്ചു.
എന്‍എസ്എസിനും വെള്ളാപ്പള്ളി നടേശനും ക്രിസ്ത്യന്‍ സമൂഹത്തിനും സ്വീകാര്യമായ സ്ഥാനാര്‍ത്ഥിയായിരുന്നു താനെന്നും അദ്ദേഹം പറഞ്ഞു. ബിജെപി കേരളത്തില്‍ വരണമെങ്കില്‍ നായര്‍-ക്രിസ്ത്യന്‍-ഈഴവ കോമ്പിനേഷനിലൂടെ മാത്രമേ സാധിക്കൂ. ഇതിനുള്ള അവസരമായിരുന്നു ചെങ്ങന്നൂരില്‍ ഉണ്ടായിരുന്നത്. തിരുവതാംകൂറില്‍ ബിജെപിക്ക് ഒരു സീറ്റ് പിടിച്ചാല്‍ പിന്നെ കളിമാറുമെന്നും ബാലശങ്കര്‍ ചൂണ്ടിക്കാട്ടി.
കേരളത്തിലെ ബിജെപി നേതൃത്വത്തിനെതിരെയും അദ്ദേഹം രൂക്ഷ വിമര്‍ശനങ്ങളുന്നയിച്ചു. ഈ നേതൃത്വവുമായാണ് മുന്നോട്ടു പോവുന്നതെങ്കില്‍ അടുത്ത 30 വര്‍ഷത്തേക്ക് കേരളത്തില്‍ ബിജെപി ഒന്നും പ്രതീക്ഷിച്ചിട്ട് കാര്യമില്ല. ഈ ഗ്യാങ് മാറാതെ രക്ഷയില്ലെന്നും അദ്ദേഹം ബാലശങ്കര്‍ കൂട്ടിച്ചേര്‍ത്തു. അമിത് ഷായുടെ സ്വപ്‌ന പദ്ധതിയെന്ന പേരില്‍ അറിയപ്പെടുന്ന ബിജെപി നേതാക്കള്‍ക്ക് പരിശീലനം നല്‍കുന്ന വിഭാഗത്തിന്റെ ദേശീയ കോ കണ്‍വീനറും ബിജെപി പബ്ലിക്കേഷന്‍ വിഭാഗം മേധാവിയുമാണ് ഇദ്ദേഹം.
ചെങ്ങന്നൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി ബാലശങ്കറിന്റെ പേരായിരുന്നു ഉയര്‍ന്നു കേട്ടിരുന്നത്. എന്നാല്‍ അവസാന നിമിഷം പാര്‍ട്ടി ജില്ലാ പ്രസിഡന്റ് എംവി ഗോപകുമാറിനെ ബിജെപി സ്ഥാനാര്‍ത്ഥിയാക്കുകയായിരുന്നു