കരുത്തറിയിക്കാന്‍ വനിതാ കര്‍ഷകര്‍ കര്‍ഷക സമരത്തിന്റെ നേതൃത്വം ഇന്ന് വനിതകള്‍ ഏറ്റെടുക്കും

ന്യൂഡല്‍ഹി: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ഡല്‍ഹി അതിര്‍ത്തികളിലെ കര്‍ഷക സമരത്തിന്റെ നേതൃത്വം ഇന്ന് വനിതകള്‍ ഏറ്റെടുക്കും. സിന്‍ഗു, തിക്‌റി, ഗാസിപൂര്‍ സമരവേദികളുടെ നിയന്ത്രണം ഇന്ന് പൂര്‍ണമായും വനിതകള്‍ക്കായിരിക്കും. ഇതിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കര്‍ഷകരും സമരത്തെ പിന്തുണക്കുന്നവരുമായ സ്ത്രീകള്‍ ഇന്ന് സമരഭൂമിയില്‍ എത്തിച്ചേരും.

15,000ല്‍ അധികം പേരാണ് സമരവേദികളിലെത്തുക. പഞ്ചാബില്‍ നിന്ന് 4000 സ്ത്രീകളെത്തും. ഹരിയാനയില്‍നിന്നു നിരവധി പേരെത്തും. സമരവേദി നിയന്ത്രിക്കുന്നതിനു പുറമെ പ്രതിഷേധം സംഘടിപ്പിക്കുന്നതും സമരക്കാരെ അഭിസംബോധന ചെയ്തു സംസാരിക്കുന്നതും സ്ത്രീകളായിരിക്കും.
സമരക്കാരുടെ സുരക്ഷ, ഭക്ഷണ വിതരണം തുടങ്ങിയവയെല്ലാം സ്ത്രീ വളണ്ടിയര്‍മാര്‍ ഏറ്റെടുക്കും. സിന്‍ഗുവില്‍ സ്ത്രീകളുടെ പ്രതിഷേധ മാര്‍ച്ചുമുണ്ടാകും. 4000 സ്ത്രീകളാണ് സിന്‍ഗുവില്‍ അണിചേരുക. 500 ബസുകളിലും 600 മിനി ബസുകളിലും 115 ട്രക്കുകളിലും 200 ചെറിയ വാഹനങ്ങളിലുമായാണ് സ്ത്രീകള്‍ പഞ്ചാബില്‍നിന്ന് ഡല്‍ഹിയിലേക്ക് യാത്ര തിരിച്ചതെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ ജനറല്‍ സെക്രട്ടറി സുഖ്‌ദേവ് സിങ് പറഞ്ഞു. കുട്ടികള്‍ക്ക് പരീക്ഷാ സമയമായതിനാല്‍ ഡല്‍ഹിയിലെ പ്രതിഷേധം കഴിഞ്ഞ് തൊട്ടടുത്ത ദിവസം തന്നെ സ്ത്രീകളില്‍ ഒരു വിഭാഗം പഞ്ചാബിലേക്ക് തിരിച്ചുപോകുമെന്നും ബാക്കിയുള്ളവര്‍ ഡല്‍ഹിയിലെ സമരത്തില്‍ തുടരുമെന്നും ഭാരതീയ കിസാന്‍ യൂണിയന്‍ വനിതാ വിഭാഗം നേതാവ് ബല്‍ബിര്‍ കൗര്‍ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ പ്രചാരണത്തിനെത്താനും കര്‍ഷകര്‍ തീരുമാനിച്ചു.
أحدث أقدم