ബില്ലടച്ചില്ല, ശസ്ത്രക്രിയയ്ക്ക് ശേഷം മുറിവ് തുന്നിക്കെട്ടിയില്ല; യുപിയില്‍ മൂന്ന് വയസ്സുകാരിക്ക് ദാരുണാന്ത്യം


ലക്‌നൗ:ബില്ലടക്കാതിരുന്നതിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ സ്വകാര്യ ആശുപത്രിക്ക് മുന്നില്‍ മൂന്ന് വയസ്സുകാരിക്ക് ദാരുണാന്ത്യം. യുപിയിലെ പ്രയാഗ്‌രാജിലെ യുണൈറ്റഡ് മെഡിസിറ്റി ആശുപത്രിയ്ക്ക് മുന്നില്‍ വെച്ച് വെള്ളിയാഴ്ച്ചയാണ് സംഭവം. ശസ്ത്രക്രിയയ്ക്ക് ശേഷം മുറിവ് തുന്നിക്കെട്ടാതിരുന്നതിനെ തുടര്‍ന്നാണ് കുട്ടി മരിച്ചതെന്ന് മാതാപിതാക്കള്‍ ആരോപിച്ചു.

അഞ്ച് ലക്ഷം രൂപയാണ് ശസ്ത്രക്രിയയ്ക്കായി ആശുപത്രി അധികൃതര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബത്തിന് തുക അടയ്ക്കാന്‍ സാധിക്കാതെ വന്നതോടെ മുറിവ് തുന്നിക്കെട്ടാന്‍ പോലും നില്‍ക്കാതെ കുട്ടിയെ ഡിസ്ചാര്‍ജ് ചെയ്തതായാണ് കുട്ടിയുടെ കുടുംബം ആശുപത്രിക്കെതിരെ ഉയര്‍ത്തിയിരിക്കുന്ന ആരോപണം. എന്നാല്‍ ആരോപണത്തെ നിഷേധിച്ചുകൊണ്ട് യുണൈറ്റഡ് മെഡിസിറ്റി ആശുപത്രി അധികൃതരുടെ പ്രതികരണം.

ഫെബ്രുവരി 16നാണ് മുന്നുവയസ്സുകാരിയായ കുട്ടിയെ യുണൈറ്റഡ് മെഡിസിറ്റി ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുന്നത്. ശസ്ത്രക്രിയയ്ക്ക് ശേഷം ഡോക്ടര്‍മാര്‍ കുട്ടിയെ എസ്ആര്‍എം ആശുപത്രിയിലേക്ക് ശുപാര്‍ശ ചെയ്തു. എന്നാല്‍ എസ്ആര്‍എമ്മിന് പകരം കുട്ടിയെ കുടുംബം എത്തിച്ചത് കുട്ടികളുടെ ആശുപത്രിയിലാണെന്നാണ് പ്രാഥമിക അന്വേഷണത്തിന് ശേഷം അഡീഷണല്‍ പൊലീസ് സുപ്പറണ്ട് മാധ്യമങ്ങളെ അറിയിച്ചത്. കുട്ടികളുടെ ആശുപത്രിയിലും കുട്ടിയെ ചികിത്സിച്ചിട്ടുണ്ട്. അതിന് ശേഷമാണ് അവര്‍ കുട്ടിയുമായി സ്വകാര്യ ആശുപത്രിയിലേക്ക് മടങ്ങിയെത്തിയതെന്നും കൂടുതല്‍ വിവരങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ പറയാന്‍ സാധിക്കുകയുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി.

കുട്ടി മരിക്കുന്നതിന് മുമ്പുള്ള ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. കുട്ടി വേദനകൊണ്ട് കരയുന്നതും അവളുടെ മൂക്കില്‍ നിന്ന് സ്റ്റിക്കിംങ് പൈപ്പ് പുറത്തേക്ക് വരുന്നതും വീഡിയോയില്‍ വ്യക്തമാണ്.

‘ഞങ്ങളുടെ കയ്യിലുണ്ടായിരുന്ന പണമെല്ലാം അവര്‍ എടുത്തു. അതിനുശേഷം ഇനിയൊന്നും തങ്ങളുടെ കയ്യിലില്ലെന്ന് പറഞ്ഞുകൊണ്ട് അവര്‍ അവളെ ഡിസ്ച്ചാര്‍ജ് ചെയ്തു. അവര്‍ ഞങ്ങളോട് അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടു. അവര്‍ ആവശ്യപ്പെട്ടതെല്ലാം ഞങ്ങള്‍ കൊടുത്തു. മുന്ന് തവണയാണ് രക്തം ആവശ്യപ്പെട്ടത്, അതും നല്‍കിയിരുന്നു’, വീഡിയോയില്‍ കുട്ടിയുടെ പിതാവ് പറഞ്ഞു. കുട്ടി മരിക്കുന്നതിന് മുമ്പുള്ള മൂന്ന് വീഡിയോകളാണ് പ്രചരിക്കുന്നത്. കുട്ടിയുടെ മുറിവിന് ചുറ്റുമായി പ്രാണികള്‍ പറക്കുന്നതും ആശുപത്രി ഗേറ്റിന് മുന്നില്‍ മാതാപിതാക്കളുടെ കയ്യില്‍ കിടന്ന് മൂന്ന് വയസ്സുകാരി അവസാന ശ്വാസം വലിക്കുന്നതും വിഡിയോയില്‍ ദൃശ്യമാണ്. വയറ്റില്‍ രണ്ട് ശസ്ത്രക്രിയയ്ക്ക് ശേഷമാണ് കുട്ടിയെ ആശുപത്രിയില്‍ നിന്ന് പറഞ്ഞയച്ചതെന്നും മാതാപിതാക്കള്‍ വ്യക്തമാക്കി.

മാതാപിതക്കളുടെ പ്രതികരണത്തിനെതിരെ യുണൈറ്റഡ് മെഡിസിറ്റി ഡയറക്ടറായ പ്രമോദ് കുമാര്‍ രംഗത്തെത്തി. കുട്ടി മരിക്കുന്നതിന് മൂന്ന് ദിവസം മുമ്പുതന്നെ കുട്ടിയെ ഡിസ്ചാര്‍ച്ച് ചെയ്തിരുന്നു. എസ്ആര്‍എം ആശുപത്രിയിലേക്ക് ശുപാര്‍ശ ചെയ്യുന്നതിന് മുമ്പ് 15 ദിവസം മാത്രമാണ് കുട്ടി ആശുപത്രിയില്‍ ഉണ്ടായിരുന്നത്. ചികിത്സയ്ക്ക് 1.2 ലക്ഷം രൂപയായെങ്കിലും കുടുംബത്തോട് 6000 രൂപ മാത്രമാണ് അടയ്ക്കാന്‍ ആവശ്യപ്പെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
أحدث أقدم