പശ്ചിമബംഗാളില്‍ തൃണമൂലിനെ ഞെട്ടിച്ച്‌ ദിനേഷ് ത്രിവേദി ബി ജെ പിയില്‍ ചേര്‍ന്നു.





ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ ഞെട്ടിച്ച്‌ ദിനേഷ് ത്രിവേദി ബി ജെ പിയില്‍ ചേര്‍ന്നു. മുന്‍ റെയില്‍വേ മന്ത്രിയും പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവുമായ ദിനേഷ് ത്രിവേദി ത്രിണമൂല്‍ വിട്ടത് മമതയ്‌ക്ക് കനത്ത ആഘാതമായിരിക്കുകയാണ്. തൃണമൂല്‍ വിട്ട ദിനേഷ് ത്രിവേദി ഡല്‍ഹിയില്‍ ബി ജെ പി ദേശീയ അദ്ധ്യക്ഷന്‍ ജെ പി നദ്ദയില്‍ നിന്നും അംഗത്വം സ്വീകരിച്ചു.

താന്‍ കാത്തിരുന്ന സുവര്‍ണ നിമിഷമാണിതെന്ന് ബി ജെ പിയില്‍ ചേര്‍ന്നതിന് ശേഷം ദിനേഷ് ത്രിവേദി പറഞ്ഞു. ത്രിവേദി തെറ്റായ പാര്‍ട്ടിയിലായിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ ശരിയായ പാര്‍ട്ടിയിലെത്തിയെന്നും ത്രിവേദിയെ സ്വാഗതം ചെയ്തുകൊണ്ട് നദ്ദ പറഞ്ഞു

ഫെബ്രുവരി 12ന് ത്രിവേദി രാജ്യസഭാംഗത്വവും തൃണമൂല്‍ അംഗത്വവും രാജിവച്ചിരുന്നു. പശ്ചിമബംഗാളില്‍ നടക്കുന്ന അക്രമങ്ങളിലും അഴിമതിയിലും ഒന്നും ചെയ്യാന്‍ സാധിക്കാത്തതില്‍ തനിക്ക് മനസ് മടുത്തതായി അന്ന് അദ്ദേഹം പറഞ്ഞിരുന്നു.

ഇതിനിടെ നടനും, മുന്‍ എം പിയുമായ മിഥുന്‍ ചക്രവര്‍ത്തിയും ബി ജെ പിയിലേക്ക് നീങ്ങുകയാണ്. നാളെ പശ്ചിമബംഗാളില്‍ പ്രധാനമന്ത്രിക്കൊപ്പം മിഥുന്‍ ചക്രവര്‍ത്തി തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കുമെന്ന് ബി ജെ പി ബംഗാള്‍ ഘടകം അറിയിച്ചു. 



أحدث أقدم