ന്യൂഡല്‍ഹി: ഏത് സംസ്ഥാനത്തായാലും ഇലക്ഷന്‍ കമ്മീഷണറായി നിഷ്‌പക്ഷരായ വ്യക്തികള്‍ തന്നെ വരണമെന്ന് സുപ്രീംകോടതി. സംസ്ഥാന സര്‍ക്കാര്‍ നിയമിക്കുന്ന വ്യക്തിയാകരുത് ഇലക്ഷന്‍ കമ്മീഷണര്‍മാര്‍. ഗോവയിലെ തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കേസിലാണ് സുപ്രീംകോടതി ഇങ്ങനെ ഉത്തരവിട്ടത്.
ഗോവ തദ്ദേശ തിരഞ്ഞെടുപ്പിന് മുന്‍പ് നിയമ സെക്രട്ടറിയെ സംസ്ഥാന ഇലക്ഷന്‍ കമ്മീഷണറായി ഗോവ സര്‍ക്കാര്‍ നിയമിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലായിരുന്നു ഗോവയിലെ തദ്ദേശ തിരഞ്ഞെടുപ്പ്. ഈ നിയമനത്തില്‍ ഗോവ സര്‍ക്കാരിനെ സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചു.
ജനാധിപത്യത്തില്‍ ഇലക്ഷന്‍ കമ്മീഷന്റെ സ്വാതന്ത്ര്യത്തിനെ വിട്ടുവീഴ്‌ച ചെയ്യാനാകില്ലെന്നും ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന് സംസ്ഥാന ഇലക്ഷന്‍ കമ്മീഷണറുടെ അധിക ചുമതല നല്‍കുന്നത് ഭരണഘടനയെ പരിഹസിക്കുന്നതിന് തുല്യമാണെന്നും സുപ്രീംകോടതി വ്യക്തമാക്കി. ജസ്‌റ്റിസ് റോഹിന്റന്‍ നരിമാന്റെ അദ്ധ്യക്ഷതയിലുളള മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ സര്‍വീസിലിരിക്കെ ഇലക്ഷന്‍ കമ്മീഷനായി എന്നത് വളരെ അസ്വസ്ഥതയുളവാക്കുന്ന കാര്യമാണ്.
ഗോവയിലെ മര്‍ഗാവോ, മപൂസ, മോര്‍മുഗാവോ, സങ്ക്വം, ക്വേപ്വെം എന്നീ മുനിസിപ്പാലിറ്റികളിലെ തിരഞ്ഞെടുപ്പ് വനിതാ സംവരണ വിഷയത്തില്‍ റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയില്‍ ഗോവ സര്‍ക്കാരിന്റെ എതിര്‍വാദം കേള്‍ക്കവെയാണ് കോടതി ഇത്തരത്തില്‍ ഉത്തരവിട്ടത്. ഹൈക്കോടതി വിധി സുപ്രീംകോടതി മരവിപ്പിച്ചു. തുടര്‍ന്ന് മാര്‍ച്ച് 21ന് ഇവിടങ്ങളില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ തീരമാനിച്ചിട്ടുണ്ട്.